മറക്കില്ല ഞങ്ങൾ

ഹൃദയത്തിൽ... തിരുവല്ല ചാത്തങ്കരിയിൽ ആർഎസ്എസ്–-ബിജെപി ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കുടുംബസഹായ ഫണ്ട് നൽകിയ ശേഷം സംസ്ഥാന സെക്രട്ടറിയായിരുന്ന 
കോടിയേരി ബാലകൃഷ്ണൻ സന്ദീപിന്റെ ഇളയമകൾ ഇസയെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ (ഫയൽ ചിത്രം)


 പത്തനംതിട്ട ‘‘പാർട്ടി ജില്ലാ സെക്രട്ടറി ആയതിനുശേഷം ആണ്  സഖാവ് കോടിയേരിയുമായി ഏറ്റവും അടുത്തിടപഴകാൻ സാധിച്ചത്. യുഡിഎഫിന്റെ  ശക്തികേന്ദ്രമായിരുന്ന ജില്ലയെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നതിൽ   കോടിയേരിയുടെ നിർദേശങ്ങളും ഉപദേശങ്ങളും നിർണായകമായിരുന്നു.   ഓരോ തീരുമാനവും നല്ല പോലെ ആഴത്തിൽ ചിന്തിച്ച് അത് പാർടിയെ ഏതു തരത്തിൽ ബാധിക്കുമെന്ന് കൃത്യമായി ആലോചിച്ച് ഉറപ്പിച്ച ശേഷമാകും എടുക്കുക. അത്തരത്തിൽ നൽകിയ നിർദേശങ്ങളെല്ലാം ജില്ലയിൽ  സിപിഐ എമ്മിനെ വലിയ തോതിൽ വളർത്തുന്നതിനും ജില്ലയെ ഇടതുപക്ഷത്തേക്ക് തന്നെ അടുപ്പിക്കുന്നതിനും ഏറെ സഹായിച്ചുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അന‍ുസ്മരിച്ചു.  അവസാനമായി ജില്ലയിൽ എത്തിയത് തിരുവല്ലയിൽ രക്തസാക്ഷി സന്ദീപിന്റെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു. കൊലപാതകത്തിന് ശേഷം വീട് സന്ദർശിക്കാൻ കുടുംബസമ്മേതമാണ് എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയപ്പോഴും അത്‌ അവഗണിച്ചായിരുന്നു സന്ദർശനം.  സന്ദീപിന്റെ കുഞ്ഞിനെ മാറോട് ചേർത്ത്  ആ കുടുംബത്തെ ആശ്വസിപ്പിക്കുന്ന ദൃശ്യം ഏവരേയും കണ്ണീരണിയിപ്പിക്കുന്നതായിരുന്നു.   അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ മാധ്യമങ്ങളോടായി കോടിയേരി പറഞ്ഞു,  ഈ കുടുംബത്തെ സിപിഐ എം ഏറ്റെടുത്തുവെന്ന്. ജില്ലയിൽ എല്ലാ പാർടി പ്രവർത്തകരിൽ നിന്നും ഇതിനാവശ്യമായ ഫണ്ട് സമാഹരണത്തിനും ഉടൻ തീരുമാനമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യം വച്ചതിനേക്കാൾ തുക ജില്ലയിലെ പാർടി പ്രവർത്തകരിൽ നിന്ന് സമാഹരിക്കപ്പെടുകയും ചെയ്തു. കോടിയേരിയുടെ ഒരൊറ്റ വാക്കായിരുന്നു ഞങ്ങളുടെ ഊർജം. അത് ജില്ലയിലെ പാർടി പ്രവർത്തകർ അക്ഷരം പ്രതി പാലിച്ചു. Read on deshabhimani.com

Related News