യുവാവിനെ മർദിച്ച് കൊള്ളയടിച്ച 
സംഭവത്തിൽ രണ്ടു പേർ പിടിയിൽ



തിരുവല്ല  തിരുവല്ല ബൈപ്പാസിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച്  സ്വർണാഭരണവും  ബൈക്കും  പണവും കവർന്ന കേസില്‍  ഒളിവിൽ  കഴിഞ്ഞ  കാപ്പാക്കേസ് പ്രതി അടക്കം രണ്ടുപേർ   പിടിയില്‍ . തിരുവല്ല കുളക്കാട് ദർശനയിൽ സ്റ്റാൺ വർഗീസ് (29) , കുറ്റപ്പുഴ കോഴിക്കോട്ട് പറമ്പ് വീട്ടിൽ പ്രശോഭ് (22) എന്നിവരാണ് പിടിയിലായത്.   കാപ്പ ചുമത്തി രണ്ടുമാസം മുമ്പ് ജില്ലയിൽ നിന്നും നാടുകടത്തിയ സ്റ്റാണ്‍  വർഗീസ് നിയമം ലംഘിച്ച് ജില്ലയിൽ കടന്നുകയറിയാണ് അതിക്രമം നടത്തിയത്. അടൂർ പറന്തലിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ  പ്രതികളെ അതി സാഹസികമായാണ് പൊലിസ് പിടികൂടിയത്.    പ്രധാന പ്രതി  കുറ്റപ്പുഴ ആറ്റുചിറ കാട്ടിൽ പറമ്പിൽ വീട്ടിൽ റിജോ ഏബ്രഹാമിനെ (29) നേരത്തെ പിടികൂടിയിരുന്നു.  സെപ്തംബര്‍  അഞ്ചിന്    രാത്രി പന്ത്രണ്ടോടെ  ബൈപ്പാസിലെ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമായിരുന്നു സംഭവം. മാവേലിക്കര തട്ടാരമ്പലം കൊച്ചു തറയിൽ വീട്ടിൽ ഇരുപത്തിയൊന്ന്കാരനായ അക്ഷയിന്റെ പരാതിയിലാണ് അറസ്റ്റ് . സ്വകാര്യ ബസ് സ്റ്റാന്‍ഡിന്  സമീപം  നിൽക്കവേ അഞ്ചംഗ സംഘം അക്ഷയിനെ വളയുകയായിരുന്നു. ട്രാൻസ്ജെൻഡറുമായി സംസാരിച്ച് നിന്ന വീഡിയോ   പകർത്തി അക്ഷയിനെ കുറ്റപ്പുഴ റെയിൽവേ ട്രാക്കിന് സമീപം എത്തിച്ചു. തുടർന്ന് മർദ്ദിച്ചു .കഴുത്തിൽ കിടന്ന ഒന്നര പവന്റെ   സ്വർണ മാല, ബുള്ളറ്റ് , 20,000 രൂപയോളം വില വരുന്ന വാച്ച്, എടിഎം കാർഡ് അടങ്ങുന്ന പേഴ്സ് എന്നിവ കൈക്കലാക്കി.   രക്ഷപെട്ടോടിയ അക്ഷയ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ  ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.  റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അക്ഷയിന്റെ ബുള്ളറ്റുമായി കടക്കാൻ ശ്രമിച്ച റിജോയെ ആർപിഎഫ് ഉദ്യോഗസ്ഥർ  പിടികൂടി  പൊലീസിന് കൈമാറുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റു രണ്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല സിഐ പി എസ് വിനോദ് പറഞ്ഞു. Read on deshabhimani.com

Related News