അതേ, വയസന്മാരാകാൻ ഞങ്ങക്ക് മനസ്സില്ല...



 ഇരവിപേരൂർ  മഴയ്‌ക്ക് മുൻപ് കുടയുമായി ഇറങ്ങിയതാ. അത്‌ മറന്നുവച്ചു. നനയുകയല്ലാതെ വേറെന്താ വഴി. കടയിൽ പോകാൻ ലിസ്‌റ്റ്‌ എഴുതി പോക്കറ്റിലിട്ടതങ്ങ്‌ മറന്നു. ഒടുവിൽ കിട്ടിയ സാധനങ്ങൾ വാങ്ങി വിട്ടീൽ ചെന്നതിന്റെ ചമ്മൽ ഓർക്കുമ്പോഴേ ചിരി പൊട്ടാത്തവരില്ല. അങ്ങനെ ഓർത്തിരിക്കുന്ന തമാശകൾ പറഞ്ഞ്‌ ചിരിച്ച്‌ ചിരിച്ച്‌ അവരുടെ ചർച്ച ദേ ഖത്തർ വേൾഡ് കപ്പിലേക്ക് നീളുന്നു.  മുൻപ്‌ പൊലീസിലും, പട്ടാളത്തിലും, സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്‌തവർ, കൂലിപ്പിണി ചെയ്ത്‌ കുടുംബം പുലർത്തിയവർ. അവരെല്ലാമുണ്ട്‌ ചർച്ചയിൽ. എല്ലാവരും 60 കഴിഞ്ഞവർ. അവരുടെ കൂട്ടായ്മയാണ്‌ സീനിയർ സിറ്റിസൺ ഫോറം.  34 അംഗങ്ങൾ. ദിവസവും സന്ധ്യകഴിഞ്ഞാൽ കൂട്ടായ്മയിലെ അംഗം വി പി വിശ്വനാഥന്റെ കടയിൽ ഒത്തു കൂടുകയാണ്‌ പതിവ്‌. അതുമല്ലെങ്കിൽ തോട്ടപ്പുഴ ജങ്‌ഷനിൽ വാടകയ്ക്കെടുത്ത കടമുറിയിലാകും  കൂട്ടായ്മ.  തമാശകളാലും, അനുഭവകഥകളാലും കൂട്ടായ്മ സമ്പന്നമാകും. ഇതിന്റെയൊക്കെ തലൈവർ എം കെ ജോൺ(ബാബു)ആണ്‌.ജോണിന്‌ പട്ടാളത്തിൽ കാലാവസ്ഥാ നിരീക്ഷണ മേഖലയിലായിരുന്നു ജോലി. സേവനം കഴിഞ്ഞ്‌ രാഷ്ട്രീയത്തിൽ ഇറങ്ങി. 2000–--2005ൽ ഇരവിപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. കൂട്ടായ്മ നാട്ടിലെ പ്രശ്നങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും. ജാതി, മതം, രാഷ്ട്രീയ ഭേദമൊന്നും ഇവിടെയില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും  അത് വ്യക്തി ബന്ധങ്ങളെ  വേദനിപ്പിക്കാറില്ല എന്നതാണ്‌ കൂട്ടായ്മയുടെ കരുത്ത്‌. സീനിയർ സിറ്റിസൺസിന്‌  റെയിൽവേയുടെ 50ശതമാനം അനുകൂല്യം നിർത്തലാക്കിയതിൽ അവർക്ക്‌ കടുത്ത പ്രതിഷേധമാണുള്ളത്‌.  Read on deshabhimani.com

Related News