പ്ലാസ്റ്റിക് വീണു ഇനിയെന്ത്...



പത്തനംതിട്ട വിടചൊല്ലി പിരിയുകയാണ്‌ പ്ലാസ്റ്റിക്. ഒരിക്കലും നശിക്കുന്നില്ലെങ്കിലും ഇനി അധികം കാണാനാകില്ല. കണ്ടാൽ ലേശം കാശും ചെലവാകും. സംസ്ഥാനത്ത്‌ ഏകോപയോഗ പ്ലാസ്‌റ്റിക്കുകളുടെ നിർമാണം, ഇറക്കുമതി, വിൽപ്പന, വിതരണം  എന്നിവയാണ്‌ ജൂലൈ ഒന്ന്‌ മുതൽ നിരോധിച്ചത്‌. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് പിഴയേര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.  നിരോധനത്തിന്റെ  ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണുയർന്നത്‌. പലരും കടകളിലെത്തിയപ്പോഴാണ്‌ നിരോധനം അറിഞ്ഞത്‌. ഭൂരിഭാഗവും തീരുമാനം പൂർണമനസോടെ അംഗീകരിച്ചെങ്കിലും പലരെങ്കിലും അസൗകര്യങ്ങൾ പങ്കുവെച്ചു. മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിലാണ്‌ അൽപ്പം ബുദ്ധിമുട്ടുണ്ടായത്‌. വാഴയില, വട്ടയില, തേക്കില എന്നിവയിലാണ്‌ പലരും സാധനങ്ങൾ നൽകിയത്‌.  പേപ്പർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതും ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ കാരണമാകാം. തുണിക്കടകൾ ഭൂരിഭാഗവും മുമ്പേ തുണി സഞ്ചിയിലേക്ക്‌ മാറിയിരുന്നതിനാൽ നിരോധനം വലിയ കടകളെ സാരമായി ബാധിച്ചില്ല. എന്നാൽ ചെറുകിട വ്യാപാരികളെ നിയന്ത്രണം പ്രതിസന്ധിയിലാക്കിയേക്കും. ഹോട്ടലുകളിലും ജ്യൂസ്‌ പാർലറുകളിലും നിയന്ത്രണം മാറ്റങ്ങൾ കൊണ്ടുവരും.  Read on deshabhimani.com

Related News