സ്‌റ്റാറാകാൻ ചക്കയും

സ്റ്റാർ ജാക്ക് ഫാക്ടറിയിൽ ശേഖരിച്ച ചക്കകൾ


ഏഴംകുളം  ചക്ക തിന്നാൻ ഇനി സീസൺ ആവാൻ നോക്കിയിരിക്കേണ്ട.  പ്ലാവിൽ കയറാൻ ആളെ കിട്ടിയില്ലെന്ന പരാതിയും വേണ്ട. കഴിക്കണമെന്ന് തോന്നുമ്പോൾ അപ്പോൾ തന്നെ വേവിച്ചു കഴിക്കാൻ പാകത്തിന് പ്രോസസ് ചെയ്ത് പായ്‌ക്കറ്റുകളിലാക്കിയ ചക്കയും ചക്ക ഉൽപ്പന്നങ്ങളും നിങ്ങളുടെ കൈകളിലെത്തുന്നു.  ഏഴംകുളം പുതുമലയിൽ പ്രവർത്തനമാരംഭിച്ച  "സ്റ്റാർ ജാക്ക്  എന്ന കമ്പനിയാണ്‌ മലയാളികളുടെ ഇഷട്‌വിഭവത്തെ ന്യൂജെൻ രൂപത്തിൽ അവതരിപ്പിക്കുന്നത്‌.  നിശ്ചിത ഊഷ്മാവിൽ ചൂടാക്കി ഉണക്കിയെടുത്ത് പായ്ക്കറ്റിലാക്കിയ ചക്കച്ചുള വെള്ളത്തിലിട്ട് കുതിർത്ത് വേവിക്കുമ്പോൾ ഗുണത്തിലോ രുചിയിലോ യാതൊരു മാറ്റവും സംഭവിക്കില്ല. "റെഡീടു കുക്ക്' കൂടാതെ വിവിധ തരം കുക്കീസ്,  ചക്ക ചപ്പാത്തി, ജാം, ജ്യൂസ്, ചക്കപ്പൊടി, ചക്കക്കുരു പൊടി തുടങ്ങിയവയും  കമ്പനി ഉൽപ്പാദിപ്പിക്കുന്നു. ചക്കപ്പൊടിയോടൊപ്പം ഗോതമ്പ് പൊടികൂടി ചേർത്താണ് ചപ്പാത്തി നിർമ്മിക്കുന്നത്.  മറ്റ് ഉൽപ്പന്നങ്ങളിൽ രുചിയ്ക്കും മണത്തിനുമായി ഇഞ്ചി, കൂൺ, റാഗി, ഏത്തക്കാപ്പൊടി എന്നിവയുടെ ഫ്ലേവറും ചേർക്കും. ഇഞ്ചി പല തവണ കഴുകി ഗുണം നഷ്ടപ്പെടാതെപുറം തൊലി ഉൾപ്പെടെ പൊടിച്ചെടുക്കും. നിറങ്ങൾക്കായി പൊടിച്ച മഞ്ഞളാണ്‌ ഉപയോഗിക്കുന്നത്. ചക്ക ജ്യൂസിനും ചപ്പാത്തിക്കും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഓയുടെ ഹർദിൽ ടെക്നോളജി അനുസരിച്ചുള്ള പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ദേശീയ ഹോർട്ടികോർപ്പ് മിഷന്റെ അംഗീകാരവും ഇതിനുണ്ട്. മലയാളിയുടെ തീൻ മേശയോടൊപ്പം ദേശീയ അന്തർദേശീയ  മാർക്കറ്റും  ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ചക്കയുടെ ഗുണമേന്മ  പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ഇന്റർനാഷണൽ ഏജൻസിയായ ടിയുവി യുടെ ഗുണമേന്മ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ള കേരളത്തിലെഏക സ്ഥാപനമാണിത്.  ചക്ക മടൽ കളഞ്ഞ് ഒരുക്കിയെടുക്കുന്നതിന് മാത്രമാണ് മനുഷ്യ  ഊർജം ഉപയോഗിക്കുന്നത്. ബാക്കി മുഴുവൻ ജോലികളും  ആധുനിക  യന്ത്രത്തിന്റെ സഹായത്തിലാണ് ചെയ്യുന്നത്. കാർബോ ഹൈഡ്രേറ്റ്, കാൽസ്യം, വിവിധ തരത്തിലുള്ള വിറ്റാമിനുകളും  അടങ്ങിയിട്ടുള്ള ചക്കയിൽ നാരുകൾ ധാരാളമുള്ളത്‌ കൊണ്ട് ജീവിത ശൈലീ രോഗമുള്ളവർക്കൊരു മികച്ച ഭക്ഷണമാണിത്.  2018 ൽ ആണ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ചക്ക ഉൽപന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന ജില്ലയിലെ ആദ്യ സംരംഭമാണിത്.  പ്രതിദിനം 1500 കിലോ സംസ്കരിച്ചെടുക്കുന്നതിന് ശേഷിയുള്ളതാണ്‌ ഫാക്ടറി. ആഗസ്‌ത്‌  മാസത്തോടെ ഉൽപ്പാദനം പൂർണ്ണ തോതിലെത്തും. പ്രവാസി മലയാളിയായ ഒലിവില്ലയിൽ തങ്കച്ചൻ യോഹന്നാനാണ് കമ്പനി ഉടമ.    Read on deshabhimani.com

Related News