കണ്ടെയ്‌നറിലും 
സ്വയം പര്യാപ്‌തത



 പത്തനംതിട്ട അരവണ കണ്ടെയ്‌നറുകൾ സ്വയം നിർമിച്ച്‌ പര്യാപ്‌തത കൈവരിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. ആറ്‌ മാസത്തിനുള്ളിൽ സ്വന്തമായൊരു പ്ലാന്റ്‌ എന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള നടപടികളുമായി മുന്നോട്ട്‌ പോവുകയാണ്‌ ബോർഡ്‌. ഇതിലൂടെ സ്വകാര്യ ഫാക്‌ടറികളിൽ നിന്ന്‌ വാങ്ങുന്ന അരവണ കണ്ടെയ്‌നറുകൾക്ക്‌ പകരം ഇവ സ്വന്തമായി നിർമിക്കുകയാണ്‌ ലക്ഷ്യം. മല്ലപ്പള്ളി തെള്ളിയൂരിൽ ബോർഡിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കർ സ്ഥലത്ത്‌ കണ്ടെയ്‌നർ നിർമാണ പ്ലാന്റ്‌ ആരംഭിക്കുന്നതിന്റെ പ്രാരംഭ നടപടികൾ നടക്കുകയാണ്‌. ആറ്‌ മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ ബോർഡ്‌.     തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ബജറ്റിൽ പദ്ധതിക്കായി നാലുകോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. എട്ട്‌ കോടിയോളം ആകെ ചെലവ്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പ്ലാന്റിന്‌ ആവശ്യമായ കെട്ടിടം നിർമിച്ച്‌ നൽകാൻ തയ്യാറായി സ്‌പോൺസർ എത്തിയിട്ടുണ്ട്‌. പ്ലാന്റ്‌ യാഥാർഥ്യമാകുന്നതോടെ 30 പേർക്ക്‌ തൊഴിലും ലഭിക്കും.     ശബരിമലയിലേയ്‌ക്ക്‌ മാത്രം പ്രതി വർഷം 17 കോടി രൂപയുടെ കണ്ടെയ്‌നറുകൾ വാങ്ങേണ്ടതായി വരുന്നു. രണ്ട്‌ കോടിയോളം കണ്ടെയ്‌നറുകളാണ്‌ ആവശ്യമായി വരുന്നത്‌. എന്നാൽ സ്വന്തം പ്ലന്റിൽ നിർമിക്കുമ്പോൾ ചെലവ്‌ ഏകദേശം 10 കോടിയിലേയ്‌ക്ക്‌ ചുരുങ്ങും. നിലയ്‌ക്കൽ, എരുമേലി എന്നിവിടങ്ങളിലും മറ്റ്‌ ക്ഷേത്രങ്ങളിലും സമാന രീതിയിലാണ്‌ നിലവിൽ കണ്ടെയ്‌നറുകൾ വാങ്ങുന്നത്‌. ഇതര സംസ്ഥാന കമ്പനികളിൽ നിന്നടക്കമാണ്‌ ക്ഷേത്രങ്ങളിലേയ്‌ക്ക്‌ ഇവ എത്തുന്നത്‌. അവരണ കണ്ടെയ്‌നറുകൾക്ക്‌ പുറമെ അമ്പലപ്പുഴ പാൽപ്പായസം അടക്കം വിതരണം ചെയ്യാനാകുന്ന വലിയ കണ്ടെയ്‌നറുകളും നിർമിക്കും.      നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്നാണ്‌ ശബരിമലയിൽ അടക്കം അരവണ വിതരണത്തിനായുള്ള കണ്ടെയ്‌നറുകൾ വാങ്ങുന്നത്‌. ഇത്തരത്തിൽ വാങ്ങുന്ന കണ്ടെയ്‌നറുകളുടെ ഗുണനിലവാരം അടക്കം ചർച്ചയായിട്ടുണ്ട്‌. ഗുണനിലവാരം കുറവായതിനാൽ പായ്‌ക്കിങ് സമത്ത്‌ പൊട്ടിപോകുന്നു എന്ന പരാതിയും ഉയർന്നിരുന്നു. മാത്രമല്ല കരാർ എടുക്കുന്ന കമ്പനി കണ്ടെയ്‌നറുകൾ സമയത്ത്‌ നൽകാത്തതും പ്രശ്‌നമാണ്‌. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ശാശ്വത പരിഹാരമാകും ബോർഡിന്റെ സ്വന്തം നിർമാണ യൂണിറ്റ്‌. കൂടാതെ കണ്ടെയ്‌നർ ഇനത്തിൽ ചെലവാകുന്ന ഭീമമായ തുക കുറയ്‌ക്കാനും സ്വന്തം പ്ലാന്റിന്‌ കഴിയും. Read on deshabhimani.com

Related News