ഏഴ് മാസത്തിനിടെ നിക്ഷേപം 175.44 കോടി



പത്തനംതിട്ട ജില്ലയിൽ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ ഏഴ് മാസത്തിനിടെ 175.44 കോടിയുടെ നിക്ഷേപം. ഇതിലൂടെ 8404 പേർക്ക് നേരിട്ടും പരോക്ഷമായി രണ്ടായിരത്തിനടുത്ത് പേർക്കും തൊഴിൽ ലഭ്യമാക്കി. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന വ്യവസായ വകുപ്പിന്റെ പദ്ധതിയുടെ ഭാ​ഗമായാണ് ഇത്തരത്തിൽ നിക്ഷേപവും തൊഴിൽ അവസരവും സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലയിൽ ഒരു വർഷത്തിനകം 5408 സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.  ആദ്യ ഏഴ് മാസം കൊണ്ട് 3,934 സംരംഭങ്ങളാണ് തുടങ്ങിയത്. സംരംഭങ്ങൾ കൂടുതൽ  തുടങ്ങിയതിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല.  72.74 ശതമാനം ല​ക്ഷ്യം ജില്ല കൈവരിച്ചു.  അടുത്ത അഞ്ച് മാസത്തിനുള്ളിൽ നിശ്ചിത ലക്ഷ്യം ജില്ല കൈവരിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ പറഞ്ഞു. സംസ്ഥാനത്താകെ ഒന്നരലക്ഷം ചെറുകിട, ഇടത്തരം വ്യവസായ സംരംഭം തുടങ്ങാനാണ് ഇടതുപക്ഷ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിലൂടെ മാത്രം 2,07,944 പേർക്ക് നേരിട്ടും ആയിരക്കണക്കിന് പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കി.  ജില്ലയിൽ ന​ഗരസഭാ മേഖലകളിൽ കൂടുതൽ സംരംഭം തുടങ്ങിയത് തിരുവല്ലയിലാണ്. 251. ​പഞ്ചായത്ത് മേഖലകളിൽ കൂടുതൽ പള്ളിക്കലും. 143. ജില്ലയിൽ 4886 പുതിയ സംരംഭകരെയും കണ്ടെത്തിയിട്ടുണ്ട്. 374 പേർ വ്യവസായ വകുപ്പിന്റെ പരിശീലനത്തിലുമാണ്. 3923 പേർക്ക് വ്യവസായം തുടങ്ങുന്നതിന് എല്ലാ അം​ഗീകാരവും ലഭ്യമാക്കി.  എല്ലാ മേഖലയിലും അഭ്യസ്തവിദ്യരായവർ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉൽപ്പാദന, വാണിജ്യ, സേവന മേഖലയിലാണ് കൂടുതൽ നിക്ഷേപം. ജില്ലയിൽ ഉൽപ്പാദന മേഖലയിൽ 1545 യൂണിറ്റുകൾ തുടങ്ങി. 38.16 കോടി രൂപയാണ് ഈ മേഖലയിലെ നിക്ഷേപം. സേവന മേഖലയിൽ 1218 യൂണിറ്റും ആരംഭിച്ചു. 55.1 കോടിയുടെതാണ് നിക്ഷേപം. വാണിജ്യ മേഖലയിൽ 79.36 കോടി നിക്ഷേപിച്ചപ്പോൾ 1545 യൂണിറ്റുകളാണ് തുടക്കം കുറിച്ചത്.  സംരംഭങ്ങളിൽ രണ്ടുമുതൽ പത്ത്  വരെ ആളുകൾക്ക്  തൊഴിൽ ലഭ്യമായിട്ടുണ്ട്.  വരും മാസങ്ങളിലും അതിവേ​ഗത്തിൽ ലക്ഷ്യമിട്ട പദ്ധതി യാഥാർഥ്യമാക്കുന്നതിന് സജീവ പ്രവർത്തനമാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.  എല്ലാ പഞ്ചായത്തുകളിലും നാല് ന​ഗരസഭകളിലും വ്യവസായ വകുപ്പ് പരിശീലനം നൽകിയ  61 പേർ പ്രവർത്തിക്കുന്നു. ഓരോ മേഖലയിൽ  നിന്നും സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരെ കണ്ടെത്താനും എല്ലാവിധ സഹായവും നൽകാനും ഇവരുടെ സേവനം ലഭ്യമാണ്.  ആഴ്ചയിൽ രണ്ടു ദിവസം എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കും. അല്ലാത്ത ദിവസങ്ങളിൽ ഇവർ പുതിയ സംരംഭകരെ തേടിയെത്തും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പശരിയാക്കി നൽകുന്നതിലടക്കം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇവരിലൂടെ ലഭിക്കും. Read on deshabhimani.com

Related News