ഉൾനാടൻ ചാകര : ഇക്കുറിയും മഞ്ഞക്കൂരി തന്നെ മുന്നിൽ



 കോഴഞ്ചേരി പതിവു തെറ്റിച്ചില്ല, ഇക്കുറിയും ഉൾനാടൻ ചാകരയിൽ മഞ്ഞക്കൂരി (ഏട്ടക്കൂരി ) തന്നെ മുന്നിൽ. കാലവർഷം ആരംഭിച്ചതോടെ ഉൾനാടൻ ജലാശയങ്ങളിൽനിന്ന്‌ വൻതോതിലാണ്‌ മൽസ്യങ്ങൾ എത്തിയത്. നാൽക്കാലിക്കൽ ഭാഗത്തെ പാടങ്ങളിലും പമ്പയുടെ കൈവഴിയായ വലിയ തോട്ടിലുമാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ പതിനായിരക്കണക്കിനു രൂപയുടെ മൽസ്യം ലഭിച്ചത്. ഒരു പതിറ്റാണ്ടിലധികമായി കാലവർഷാരംഭത്തോടെ ഉണ്ടാകുന്ന ഊത്ത (ഉൾനാടൻ ചാകര) യിൽ സങ്കരയിനം മൽസ്യങ്ങളും ഓരു വെള്ളത്തിൽ വളരുന്ന മഞ്ഞക്കൂരിയുമാണ് ലഭിക്കുന്നത്. പരമ്പരാഗതവും സ്വാദിഷ്ടവുമായ വാള, തൂളി, വരാൽ, പരൽ, കുറുവ, കാരി, മുശി, പളളത്തി, കൈയ്‌പ്പ്‌ തുടങ്ങിയവ ലഭിക്കാറില്ല. നദികളിൽ കട്‌ല, രോഹു, സൈപ്രസ് തുടങ്ങിയ സങ്കരയിനം മൽസ്യങ്ങളാണ് ലഭിക്കുക. ഇക്കുറി കായലുകളിൽ കണ്ടുവരുന്ന ചെമ്പല്ലിയും പല വലക്കാർക്കും ചെറിയ അളവിലാണെങ്കിലും ലഭിച്ചിട്ടുണ്ട്.ഇത് ഉൾനാടൻ ജലാശയങ്ങളിലെ വെള്ളത്തിനു വന്ന മാറ്റത്തിന്റെ ഫലമാണെന്ന്‌ പറയുന്നു. കാരി, കല്ലേമുട്ടി, വാഹ എന്നീ മീനുകളും ഇക്കുറി ചാകരയിൽ ലഭിച്ചിട്ടുണ്ട്.  Read on deshabhimani.com

Related News