ആറു മാസത്തിനകം പൂര്‍ത്തിയാക്കും

ജില്ലാ ആസൂത്രണ സമിതി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരനും കലക്ടർ ദിവ്യ എസ് അയ്യരും 
ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിക്കുന്നു


 പത്തനംതിട്ട  കലക്ടറേറ്റിനു സമീപം ജില്ലാ ആസൂത്രണ സമിതിയുടെ കെട്ടിട നിർമാണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമിക്കുന്ന കോൺഫറൻസ് ഹാൾ, അണ്ടർ ഗ്രൗണ്ട് വാഹന പാർക്കിങ്, ലൈബ്രറി, ലിഫ്റ്റ് ,വാട്ടർ ടാങ്കുകൾ, ജനറേറ്റർ  സ്ഥാപിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ദിവ്യ എസ്‌ അയ്യർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. 2015ൽ നിർമാണം ആരംഭിച്ച് 2017ൽ ഭാഗികമായി പൂർത്തിയായ ശേഷം നിർമാണം   മുടങ്ങി. പുതിയ ജില്ലാ പഞ്ചായത്ത് സമിതി വന്ന  ശേഷം ആവശ്യമായ ഫണ്ട് സ്വരൂപിച്ച്  സർക്കാരിൽനിന്നും ഭരണാനുമതി വാങ്ങിയാണ് നിർമാണം പുനരാരംഭിച്ചത്. നാല് നിലകളായി നിർമിക്കുന്ന കെട്ടിടത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ്, ടൗൺ പ്ലാനിങ് ഓഫീസ്, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയാണ് ഉൾപ്പെടുക.  425 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്കും 64.44 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കായി റബ്‌കോ ജനറൽ മാനേജർക്കും ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് വകുപ്പിൽ 337.45 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 175 ലക്ഷം രൂപ സംസ്ഥാന ഫണ്ടും 162.45 ലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുമാണ്.    പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വി കെ  ജാസ്മിൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ് ആശ, ജില്ലാ പ്ലാനിങ് ഓഫീസർ സാബു സി മാത്യു, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ ജി ഉല്ലാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.      Read on deshabhimani.com

Related News