"ഇ –-ഡോക്‌ടർ' ഒപിയിലുണ്ട്



  പത്തനംതിട്ട ടെലി മെഡിസിൻ പ്ലാറ്റ്‌ഫോം ഇ–-സഞ്ജീവനിക്ക്‌ സ്വീകാര്യതയേറുന്നു. നിരവധിയാളുകളാണ്‌ ദിവസവും ഓൺലൈനിൽ ഡോക്‌ടറുടെ സേവനം ഉപയോഗിക്കുന്നത്‌. വീട്ടിലിരുന്ന്‌ ഡോക്‌ടറുടെ സേവനം നേടുന്നവർ നിരവധി. ഓൺലൈൻ വഴി ഡോക്‌ടർ മുമ്പിലെത്തുന്നതുതന്നെയാണ്‌ സ്വീകാര്യതയ്‌ക്ക്‌ കാരണം. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ഡോക്‌ടർ ടു ഡോക്‌ടർ സേവനം നടപ്പിലാക്കിയ ജില്ല പത്തനംതിട്ടയാണ്‌. ജില്ലയിൽ ഇതുവരെ 30,047 പേർ ഡോക്‌ടർ ടു ഡോക്‌ടർ സേവനം നേടി.  ഓൺലൈൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത്‌ 24 മണിക്കൂർ ഡോക്‌ടറുടെ സേവനം നേടാൻ കഴിയും. ജനങ്ങൾക്ക്‌ നേരിട്ട്‌ ഡോക്‌ടറുടെ കൺസൽട്ടേഷനും ഒരു ഡോക്‌ടർ മുഖാന്തരം രോഗിക്ക്‌ സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടറുടെ കൺസൽട്ടേഷനും ലഭ്യമാകും. E sanjeevani opd.in  വഴിയാണ്‌ രോഗിക്ക്‌ നേരിട്ട്‌ സേവനം ലഭിക്കുക. E sanjeevani.inൽ ഡോക്‌ടർ ടു ഡോക്‌ടർ സേവനം വഴി സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടറുടെ സേവനവും ഉറപ്പ്‌.  ജില്ലാ ഹബ്ബിന്‌ കീഴിലായി പിഎച്ച്‌സി, സിഎച്ച്‌സികൾ ഉൾപ്പെടെ മിഡിൽ ലെവൽ സർവീസ്‌ പ്രൊവൈഡർമാരുള്ള 135 സ്‌പോക്കുകൾ (ഇ സഞ്ജീവനി സേവന കേന്ദ്രങ്ങൾ) ആണുള്ളത്‌. ജില്ലാ ഹബ്ബിലും അതിനുമുകളിലുള്ള സ്റ്റേറ്റ്‌ ഹബ്ബിലും രോഗികളെ പരിശോധിക്കാൻ സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടർമാർ സജ്ജമാണ്‌.  കൂടാതെ മരുന്ന്‌ കുറിപ്പടി (ഇ പ്രിസ്‌ക്രിപ്‌ഷൻ) ഓൺലൈനിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യാനുമാവും. ജില്ലയിൽ 200ലധികം ആളുകൾ ഒരു ദിവസം ഡോക്‌ടർ ടു ഡോക്‌ടർ സേവനത്തിന്റെ ഉപഭോക്‌താക്കളാകുന്നു. സ്ഥിരമായി ഒരേ ഡോക്‌ടറെ കാണാനുള്ള സൗകര്യവും ലഭിക്കും. കഴിഞ്ഞ ദിവസം ഉണ്ടായതുപോലെ സഞ്ജീവനി സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം വളരെ വിരളമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും സ്ഥിരം സംഭവമല്ലെന്ന്‌ ഈ മേഖലയിലുള്ളവർ പറയുന്നു. സ്‌പെഷ്യലിസ്റ്റ്‌ വിഭാഗം കൈകാര്യം ചെയ്യുമ്പോൾ സാധാരണ ഒപി സംവിധാനത്തിലും ഇത്തരം പ്രവണതകൾ ഉണ്ടാകാറുണ്ട്‌. അതിന്റെ മറ്റൊരു വശമാണ്‌ ഓൺലൈനിൽ നടന്നതും.   Read on deshabhimani.com

Related News