1.31 കോടി നഷ്ടപരിഹാരം നൽകാൻ വിധി



പാലക്കാട്‌ ദേശിയ പാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച്‌ കാർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ 1.31 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കരിമ്പുഴയിലെ മാലിനി ടെക്‌സ്‌റ്റെൽസ്‌ ഉടമ രാജശേഖരൻ മരിച്ചക്കേസിലാണ്‌ പാലക്കാട്‌ എംഎസിടി കോടതി ഉത്തരവ്‌.  രാജശേഖരൻ കോയമ്പത്തൂരിലേക്ക്‌ കാറോടിച്ച്‌ പോകുമ്പോൾ തമിഴ്‌നാട്‌ അതിർത്തിയിലെ വാളയാർ സെയിൽസ്‌ ടാക്‌സ്‌ ചെക്‌പോസ്‌റ്റിനുസമീപം ദേശീയപാതയിൽ അശ്രദ്ധമായി പാർക്ക്‌ ചെയ്‌ത ലോറിക്കുപിന്നിൽ കാറിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ രാജശേഖരൻ മരിച്ചു. 2017 സെപ്‌തംബർ 17നായിരുന്നു അപകടം. കോയമ്പത്തൂർ കെജി ചാവടി പൊലീസ്‌ ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത്‌ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ലോറിയുടെ ഇൻഷുറൻസ്‌ കമ്പനിയായ ശ്രീറാം ജനറൽ ഇൻഷുറൻസ്‌ കമ്പനി നഷ്ടപരിഹാരമായി 90,67,350 രൂപയും 2018 മുതൽ 7.5 ശതമാനം പലിശയായ 77 ലക്ഷം രൂപയും സഹിതം 1,31,01,643 രൂപ നഷ്ടപരിഹാരം നൽകാൻ പാലക്കാട്‌  എംഎസിടി കോടതി ജഡ്‌ജി എൻ വിനോദ്‌കുമാറാണ്‌ വിധിച്ചത്‌.  രാജശേഖരന്റെ  ഭാര്യയും മക്കളുമാണ്‌ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്‌. ഹർജിക്കാർക്കായി അഡ്വ. അഭിലാഷ്‌ തേങ്കുറുശി അസോസിയേറ്റ്‌സിലെ അഭിഭാഷകരായ അഭിലാഷ്‌ തേങ്കുറുശി, റോഷ്‌നി സുരേഷ്‌ എന്നിവർ കോടതിയിൽ ഹാജരായി. Read on deshabhimani.com

Related News