അട്ടപ്പാടിയിൽ റെയ്‌ഡ്‌: വാഷും ചാരായവും പിടികൂടി



 അഗളി അട്ടപ്പാടിയിലെ വിവിധ മേഖലകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 570 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഒരു സ്ത്രീക്കെതിരെ കേസെടുത്തു. ഞായറാഴ്ച വെച്ചപ്പതി ഊരില്‍ നിന്ന് 50 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത സംഭവത്തിൽ ലക്ഷ്മി (50)ക്കെതിരെയാണ്‌ പൊലീസ് കേസെടുത്തത്‌. ഊര് സന്ദർശനത്തിനായി പൊലീസ് സംഘമെത്തിയപ്പോൾ ലക്ഷ്മിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കന്നാസുകളിൽ വാഷ് സൂക്ഷിച്ചത് കണ്ടെത്തിയത്. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും വീട്ടില്‍നിന്ന് കണ്ടെടുത്തു.  വീരക്കല്‍മേടിനും വെച്ചപ്പതിക്കുമിടയിലായി വനഭാഗത്തുള്ള ഗുഹയില്‍ സൂക്ഷിച്ച 300 ലിറ്റര്‍ വാഷും കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. പാലക്കാട് എസ്‌പി ശിവവിക്രമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഷോളയൂര്‍ പൊലീസ് എസ്ഐ എസ് രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.  കൂടാതെ തിങ്കളാഴ്ച ഷോളയൂര്‍ പെട്ടിക്കല്ലില്‍ നിന്ന് 220 ലിറ്റര്‍ വാഷ് നശിപ്പിച്ചു. ശിരുവാണി പുഴയ്ക്ക് സമീപത്തായി വനത്തിലാണ് വീപ്പയിൽ സൂക്ഷിച്ചിരുന്ന വാഷ് കണ്ടെത്തിയത്. ഷോളയൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്ഐ കെ ബി ഹരികൃഷ്ണന്‍, പ്രോബേഷണറി എസ്ഐ വിവേക് നാരായണന്‍, സിപിഓമാരായ മണിയന്‍, അനില്‍കുമാര്‍, റിയാസ് എന്നിവരാണ് പരിശോധന നടത്തിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ഷോളയൂര്‍ പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News