നെൽകർഷകർക്ക്‌ 
നെഞ്ചിടിപ്പ്‌ കൂടുന്നു



  പാലക്കാട്‌ മഴ കുറഞ്ഞത്‌ ജില്ലയിലെ ഒന്നാംവിള നെൽകൃഷിയെ ബാധിക്കുന്നു. നെൽകൃഷി നില നിർത്താൻ മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകളിൽനിന്ന്‌ വെള്ളം നൽകുന്നുണ്ട്‌. മലമ്പുഴ വെള്ളം ജൂലൈ ആദ്യവാരം വരെ നൽകും. മംഗലം അണക്കെട്ടിന്റെ ഇടത്‌, വലത്‌ മെയിൻ കനാൽ പ്രദേശത്തെ 45 ശതമാനത്തോളം പാടങ്ങളിൽ വെള്ളം എത്തിച്ചു.          പോത്തുണ്ടി അണക്കെട്ടിൽനിന്ന്‌ 70 ശതമാനത്തോളം പ്രദേശത്തും മലമ്പുഴയിൽനിന്ന്‌ വാലറ്റം വരെയും വെള്ളമെത്തിച്ചിട്ടുണ്ട്‌. എന്നാൽ ഇടവിട്ടുള്ള മഴയും വെയിലും വെള്ളത്തിന്റെ കുറവും നെൽച്ചെടികളിൽ രോഗം പടരാൻ ഇടയാക്കും. ഞാറ്‌ പറിച്ചു നട്ട പാടങ്ങളിൽ ഓലചുരുട്ടൽ രോഗവും നടീൽ പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ ഈച്ച, ഇലപ്പേൻ എന്നിവയും കാണുന്നുണ്ട്‌.     വിതയ്‌ക്കുന്ന പാടങ്ങളിൽ രോഗബാധ സാധാരണ കുറവായിരിക്കും. എന്നാൽ മഴ പെയ്യാത്തതിനാൽ ഇത്തവണ ഞാറ്‌ പാകി, അണക്കെട്ടുകളിൽനിന്ന്‌ വെള്ളമെത്തിച്ച്‌ പറിച്ചു നടുകയായിരുന്നു.    കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വെള്ളം ഇത്തവണ അണക്കെട്ടുകളിലുണ്ട്‌. എന്നാൽ കുടിവെള്ളത്തിന്‌ ആവശ്യമുളളതിനാൽ  അണക്കെട്ടുകളിൽനിന്ന്‌ ഇനിയും കൂടുതൽ വെള്ളം കൃഷിക്ക്‌ നൽകാനാവില്ല. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്‌താൽ മാത്രമേ നെല്ലിന്‌ നല്ല വിളവ്‌ ലഭിക്കൂ. Read on deshabhimani.com

Related News