3.54 ലക്ഷം കുടുംബങ്ങൾക്ക്‌ കുടിവെള്ളമെത്തും



പാലക്കാട്‌ ജലജീവൻ മിഷനിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. കണക്‌ഷൻ നൽകാനുള്ള 253 പ്രവൃത്തികൾക്കുള്ള ടെൻഡറായി. 2024ൽ ജില്ലയിൽ എല്ലാ കുടുംബങ്ങളിലും വെള്ളമെത്തിക്കുകയെന്നതാണ്‌ ലക്ഷ്യം. നിലവിൽ 88 പഞ്ചായത്തിലും കുടിവെള്ള കണക്‌ഷൻ നൽകൽ പുരോഗമിക്കുകയാണ്‌. ജലജീവൻ മിഷനിലൂടെ ഇതുവരെ 1.63 ലക്ഷം കുടുംബങ്ങളിൽ വെള്ളമെത്തിച്ചു. 2019ൽ മിഷൻ ആരംഭിക്കുന്നതിന്‌ മുമ്പേ വാട്ടർ അതോറിറ്റി നൽകിയ 1.45 ലക്ഷം കണക്‌ഷനുംകൂടി ചേർത്താൽ 3.08 ലക്ഷം കുടുംബങ്ങളിൽ വെള്ളമെത്തി. ഇനി 3.54 ലക്ഷം കുടുംബങ്ങളാണ്‌ ബാക്കി.  പുതുതായി 151.50 ദശലക്ഷം ലിറ്റർ ശേഷിയുള്ള 16 ജലശുദ്ധീകരണ ശാലകൾ, 449.50 ലക്ഷം ലിറ്റർ ശേഷിയുള്ള 32 ഉന്നത ജല സംഭരണികൾ, ശുദ്ധീകരണശാലകൾ, 6,860 കിലോമീറ്റർ പൈപ്പ്‌ ലൈൻ എന്നിവയുടെ നിർമാണം പുരോഗതിയിലാണ്‌. റോഡ്‌ കുഴിക്കുന്നതിനും മറ്റുമുള്ള അനുമതി ലഭിക്കുന്നതിനനുസരിച്ച്‌ ഈ ജോലികൾ പൂർത്തിയാക്കും.  മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, കുന്നങ്ങാട്ടുപതി, മീങ്കര, മംഗലം എന്നീ റിസർവോയറുകളും ചിറ്റൂർ, ഭാരതപ്പുഴ, ഭവാനി, തൂത എന്നീ നദികളെയും ഉപയോഗപ്പെടുത്തിയാണ്‌ സമഗ്രകുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുക. ചിറ്റൂർ, മലമ്പുഴ, പട്ടാമ്പി, തൃത്താല, കൊല്ലങ്കോട്‌ എന്നീ ബ്ലോക്കുകളിലും അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലും സമഗ്രപദ്ധതിയുടെ പ്രയോജനം ലഭിക്കും. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ 50 ശതമാനം വീതം തുകയാണ്‌ പദ്ധതിക്കായി ചെലവിടുന്നത്‌. Read on deshabhimani.com

Related News