ഹൃദയങ്ങളിലുണ്ട്‌ സ്വന്തം കഥാകാരൻ



 പാലക്കാട്‌  ‘രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകുക രാജ്യതന്ത്രമാണ്‌’ ഒ വി വിജയൻ ധർമപുരാണം നോവലിൽ കുറിച്ചിട്ടു. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്‌ചയോടെ ദീർഘദർശനം ചെയ്‌തതാണ്‌ ഈ നോവൽ. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിത വിമർശം എഴുത്തിലൂടെയും ‘ഇത്തിരിനേരംപോക്ക്‌ ഇത്തിരി ദർശനം’ എന്ന കാർട്ടൂണിലൂടെയും അവതരിപ്പിച്ചു.  മധുരംഗായതിയും പ്രവാചകന്റെ വഴിയും ഖസാക്കിന്റെ ഇതിഹാസവും കടൽത്തീരവുമെല്ലാം വായിച്ച്‌ മനസ്സിൽ പതിഞ്ഞ തസ്രാക്കുകാർ ഹൃദയത്തോടുചേർത്തുവച്ച സ്വന്തം കഥാകാരനെ ചരമവാർഷികദിനത്തിൽ അനുസ്‌മരിക്കുകയാണ്‌. 2005 മാർച്ച്‌ 30ന്‌ ഹൈദരാബാദിലാണ്‌ ഒ വി വിജയൻ മരിച്ചത്‌. 1930 ജൂലൈ രണ്ടിന്‌ മങ്കരയിൽ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ജനിച്ചു. മുഴുവൻ പേര്‌ ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ. കൊടുവായൂർ ഹൈസ്‌കൂൾ, എംജിഎച്ച്‌എസ്‌എസ്‌, വിക്‌ടോറിയ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു പഠനം. അധ്യാപകൻ, കാർട്ടൂണിസ്‌റ്റ്‌, കോളമിസ്‌റ്റ്‌, സ്വതന്ത്രപത്രപ്രവർത്തകൻ, ചെറുകഥാകൃത്ത്‌, നോവലിസ്‌റ്റ്‌ എന്നിങ്ങനെ ജീവിതത്തിൽ വിവിധ വേഷപ്പകർച്ചകൾ. 1969ലാണ്‌ ഖസാക്കിന്റെ ഇതിഹാസം എഴുതിയത്‌.  തസ്രാക്കിന്റെ പശ്ചാത്തലത്തിൽ പാലക്കാടൻ ഗ്രാമങ്ങളെയും ജീവിതങ്ങളെയും ഒപ്പിയെടുക്കുകയായിരുന്നു. രവിയിലൂടെ ഖാലിയാരും അള്ളാപ്പിച്ചാ മൊല്ലാക്കയും മൈമൂനയും അപ്പുക്കിളിയും കുപ്പുവച്ചനും മാധവൻനായരും ശിവരാമൻനായരും കുഞ്ഞാമിനയുംവരെ നിറഞ്ഞസാന്നിധ്യമായി ഇവിടെയുണ്ട്‌. വഴിയമ്പലവും അറബിക്കുളവും ഇന്നും പരിരക്ഷിച്ചു പോരുന്നു.  Read on deshabhimani.com

Related News