പട്ടികജാതി വിദ്യാര്‍ഥികൾക്ക്‌ സായാഹ്ന പഠനകേന്ദ്രങ്ങള്‍



  ഒറ്റപ്പാലം പട്ടികജാതി വിദ്യാര്‍ഥികൾക്കായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സായാഹ്ന പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.  ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ  പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്.  ബ്ലോക്ക് പരിധിയിലെ 32 പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രാരംഭഘട്ടത്തില്‍ സായാഹ്ന പഠനകേന്ദ്രം നടപ്പാക്കുന്നത്. ചളവറ, ലെക്കിടി പേരൂര്‍  എന്നീ പഞ്ചായത്തുകളിൽ  അഞ്ചുവീതം, അമ്പലപ്പാറ, അനങ്ങനട, വാണിയംകുളം,  നെല്ലായ  എന്നിവിടങ്ങളിൽ  നാലുവീതം,  വല്ലപ്പുഴ,  തൃക്കടീരി  പഞ്ചായത്തുകളിൽ മൂന്നു വീതം കേന്ദ്രങ്ങളുമാണ്   ആരംഭിക്കുക. നിലവില്‍ വിവിധ പഞ്ചായത്തുകളിലായി 20 കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് എസ് സി ഡെവലപ്‌മെന്റ് ഓഫീസര്‍ ആര്‍ അരുണ്‍ അറിയിച്ചു.  കോളനികള്‍ക്കുള്ളില്‍ തന്നെയുള്ള പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. പഠനകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി ഒരു പഞ്ചായത്ത് ഒരു പഠനകേന്ദ്രത്തിന് 50,000 രൂപ വീതം നീക്കിവച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് എസ് സി പ്ലാൻ ഫണ്ടില്‍നിന്ന്‌ 9,92,000 രൂപയും  വകയിരുത്തിയിട്ടുണ്ട്. നാല് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍. പഠനത്തിന് പിന്തുണ നല്‍കുന്നതിനോടൊപ്പം വായനാശീലം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ക്വിസ് മത്സരങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. Read on deshabhimani.com

Related News