2,20,000 തൈ വിതരണത്തിന്‌



പാലക്കാട് ലൈഫ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിക്കുവേണ്ടിയുള്ള ജീവിതശൈലി എന്ന പ്രഖ്യാപനവുമായാണ് ഇത്തവണ പരിസ്ഥിതിദിനം ആഘോഷിക്കുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഈ വർഷം സാമൂഹ്യ വനവൽക്കരണ വിഭാഗം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ താൽക്കാലിക നഴ്സറികളിലും വള്ളിക്കോട്ടെ ജില്ലാ നഴ്സറിയിലുമായി 2,20,000 തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്.  തോട്ടുമുക്ക്, പെരിങ്ങോട്ടുകുറുശി, കൊടുവായൂർ, മുക്കാലി, കടമ്പഴിപ്പുറം, ചാലിശേരി എന്നിവിടങ്ങളിലാണ് താൽക്കാലിക നഴ്സറികളുള്ളത്. ഇത്തവണ ഒരു ലക്ഷത്തോളം തൈകൾ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ സഹായത്തോടെ ആദിവാസി സമൂഹം തയ്യാറാക്കിയ ചകിരികൊണ്ടുള്ള പ്രത്യേക ട്യൂബിലാണ് വളർത്തിയെടുത്തത്. ഇത് നേരിട്ട് മണ്ണിലേക്ക് നടുന്നതിലൂടെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ സാധിക്കും. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, രജിസ്‌റ്റേഡ് യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവർക്കാണ് സൗജന്യമായി വൃക്ഷത്തൈകൾ നൽകുന്നത്. ഇതുകൂടാതെ ജില്ലാ നഴ്സറിയിൽ പേര, നെല്ലി, പുളി, പ്ലാവ്, മാവ്, ഇലഞ്ഞി, ഇലിപ്പ, വേങ്ങ, ആര്യവേപ്പ്, തേക്ക്, മഹാഗണി, താന്നി, മഞ്ചാടി, കശുമാവ്, ഈട്ടി തുടങ്ങിയ തൈകൾ വിൽപ്പനയ്ക്കും തയ്യാറാണ്. വലിയ കൂട 55 രൂപയ്ക്കും ചെറിയ കൂട 23- രൂപയ്ക്കും മുന്തിയ ഇനം തേക്ക് സ്റ്റമ്പുകൾ 15 രൂപയ്‌ക്കും വാങ്ങാം.  കൊല്ലങ്കോട്, ആലത്തൂർ റേഞ്ചുകളിലെ വനമേഖലകളിലെ അക്യേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ചുമാറ്റി പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അവിടെ നടുന്നതിന് നബാർഡ് സഹായത്തോടെ 50,000 തദ്ദേശീയ വൃക്ഷത്തൈകളും ജില്ലാ നഴ്സറിയിൽ തയ്യാറാക്കുന്നുണ്ട്. Read on deshabhimani.com

Related News