അരങ്ങുണരും വി ടി സ്‌മാരകത്തിൽ

ഗവ,മെഡിക്കൽ കോളേജിന് സമീപത്തെ വി ടി ഭട്ടതിരിപ്പാട് സ്മാരകം


പാലക്കാട്‌ ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ നാടകത്തിലൂടെ നവോത്ഥാനത്തിന്റെ തീപ്പൊരി ചിതറിയ വി ടി ഭട്ടതിരിപ്പാടിന്‌  സ്‌മാരകമുയരുന്നു. ദേശീയപാതയിൽ മെഡിക്കൽ കോളേജിന് സമീപം യാക്കരയിൽ നിർമാണം അന്തിമഘട്ടത്തിലാണ്‌.  സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനപ്രകാരമാണ്‌ 5.78 ഏക്കറിൽ നിർമാണം ആരംഭിച്ചത്‌. നാടകശാല, സിനിമാഹാൾ, നൃത്തസംഗീതശാല, ഗാലറി, ചർച്ചകൾക്കും സെമിനാറുകൾക്കുമുള്ള ഹാളുകൾ, ശിൽപ്പികൾക്കും കരകൗശല വിദഗ്ധർക്കുമുള്ള പണിശാലകൾ, കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഹ്രസ്വകാല താമസ സൗകര്യം തുടങ്ങിയവ ഉൾപ്പെട്ടതാണ്‌ സമുച്ചയം.         12,500 ചതുരശ്ര അടി വിസ്തീർണത്തിൽ വിവരവിതരണകേന്ദ്രം, സ്മാരകഹാൾ, ലൈബ്രറി, ഭരണനിർവഹണ കാര്യാലയം എന്നിവ ഉൾപ്പെട്ടതാണ്‌ പ്രവേശന ബ്ലോക്ക്.  35,750 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദർശനശാലയിൽ ആർട്ട് ഗാലറി, ശിൽപ്പനിർമാണകേന്ദ്രം, നാടൻകലാകേന്ദ്രം, ഉപഹാരശാല എന്നിവയാണ്‌ തയ്യാറാകുന്നത്‌. പ്രദർശന ബ്ലോക്കിന്‌ 62,500 ചതുരശ്ര അടി വിസ്തീർണമുണ്ട്‌. ഓഡിറ്റോറിയം, എ വി തിയറ്റർ, ബ്ലാക്‌ ബോക്‌സ്‌ തിയറ്റർ, സെമിനാർ ഹാൾ, ശിൽപ്പശാലാ ഹാളുകൾ, ക്ലാസ് മുറികൾ, റിഹേഴ്സൽ ഹാളുകൾ എന്നിവ ഉൾപ്പെട്ടതാണ്‌ പെർഫോമൻസ് ബ്ലോക്ക്.  മൊത്തം 1,10,750 ചതുരശ്ര അടി വിസ്തീർണത്തിലാണ്‌ കെട്ടിടസമുച്ചയം. ആയിരത്തിലേറെ പേർക്ക് ഇരിപ്പിടമൊരുക്കി ഓപ്പൺ എയർ തിയറ്ററും വിഭാവന ചെയ്തിട്ടുണ്ട്. ആകെ 58 കോടി രൂപയാണ് നിർമാണച്ചെലവ്‌. 2019 ഫെബ്രുവരി 24ന്‌ അന്നത്തെ സാംസ്കാരിക മന്ത്രി എ കെ ബാലനാണ്‌ കെട്ടിടത്തിന്‌ കല്ലിട്ടത്‌.   Read on deshabhimani.com

Related News