ജനകീയ ഉത്സവമായി 
ഊട്ടറ പാലം തുറന്നു

ഊട്ടറ പാലം കെ ബാബു എംഎൽഎ ഗതാഗതത്തിന്ന് തുറന്നുകൊടുക്കുന്നു


കൊല്ലങ്കോട് ജനകീയ ഉത്സമായി ഊട്ടറ പാലം ഗതാഗതത്തിന്‌ തുറന്നു. തിങ്കൾ രാവിലെ കെ ബാബു എംഎൽഎയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഏപ്രിൽ ആദ്യം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന്ന് തുറന്നുകൊടുക്കാനായിരുന്നു തീരുമാനം. കൃത്യമായ ഇടപെടലിലൂടെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം രണ്ടാഴ്ച മുമ്പുതന്നെ പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി തിങ്കളാഴ്ച നിയന്ത്രണ വിധേയമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.  കെ ബാബു എംഎൽഎ, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തതോടെയാണ്‌ ജനങ്ങൾക്ക്‌ ആശ്വാസം പകർന്ന്‌ അതിവേഗം ഗതാഗതയോഗ്യമാക്കിയത്‌. ചെറുകിട യാത്രാവാഹനങ്ങൾ, ആംബുലൻസ് എന്നിവയ്‌ക്ക് മാത്രമായാണ്‌ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്‌. ബസ്‌, ലോറി എന്നിവ നിലവിലുള്ളതുപോലെ ആലമ്പള്ളം കോസ്‌വേ വഴി പോകുന്നത് തുടരും. വാഹനങ്ങൾ നിയന്ത്രിക്കാൻ പാലത്തിന് ഇരുവശവും മൂന്ന് മീറ്റർ ഉയരത്തിൽ ഇരുമ്പുബാറും ക്രമീകരണ സൂചനാബോർഡുകളും സ്ഥാപിച്ചു. ജനുവരി എട്ടിനാണ്‌ പാലത്തിൽ ദ്വാരം കണ്ടതിനെത്തുടർന്ന് അടച്ചത്‌. അറ്റുകുറ്റപ്പണിക്ക്‌ പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ അടിയന്തര പ്രാധാന്യത്തോടെ അനുവദിച്ചു.   ബലക്ഷയം വന്ന ഭാഗങ്ങൾ നീക്കി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. മറ്റ് പാളികളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ടാർ ചെയ്തു. ഇരുവശത്തെ കൈവരികളും തൂണുകളും ബലപ്പെടുത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സത്യപാൽ, കെ എസ് സക്കീർ ഹുസൈൻ, കെ മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശാലിനി കറുപ്പേഷ്, പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News