അണക്കെട്ടുകൾ വരളുന്നു



പാലക്കാട്‌ വേനൽ രൂക്ഷമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ്‌ താഴ്‌ന്നു. ജില്ലയിലെ എട്ട്‌ അണക്കെട്ടുകളിലും ജലനിരപ്പ്‌ വളരെയധികം താഴ്‌ന്നു. ഇടയ്‌ക്ക്‌ വേനൽമഴ കിട്ടിയെങ്കിലും അണക്കെട്ടുകളുടെ പരിധിയിൽ മഴ ലഭിച്ചില്ല. അണക്കെട്ടുകളിൽ ജലനിരപ്പ്‌ വൻതോതിൽ താഴ്‌ന്നുവെന്ന്‌ മാത്രമല്ല 2022 മാർച്ചിൽ ഉണ്ടായിരുന്നതിനേക്കാൾ താഴെയാണ്‌ ജലനിരപ്പ്‌. ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിൽ ആകെ സംഭരണശേഷിയുടെ 16 ശതമാനം വെള്ളമേയുള്ളൂ.  പരമാവധി സംഭരണശേഷി 226 ദശലക്ഷം ഘനമീറ്ററാണെന്നിരിക്കെ നിലവിൽ 35.78 ദശലക്ഷം ഘനമീറ്റർ വെള്ളമേയുള്ളൂ. കഴിഞ്ഞ വർഷം ഇതേ ദിവസം 69.76 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നു. ഭാരതപ്പുഴയിലെ ജലസേചന പദ്ധതികൾക്കായി ഇത്തവണയും മലമ്പുഴ തുറക്കേണ്ടിവന്നേക്കാം. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ആകെ സംഭരണശേഷിയുടെ 31 ശതമാനം വെള്ളമാണുള്ളത്‌. 70.83 ദശലക്ഷം ഘനമീറ്ററാണ്‌ പരമാവധി ശേഷിയെങ്കിൽ നിലവിൽ 27.77 ദശലക്ഷം ഘനമീറ്റർ വെള്ളമാണുള്ളത്‌. കഴിഞ്ഞ വർഷം 59 ശതമാനം വെള്ളമുണ്ടായിരുന്നു. ശിരുവാണിയിൽ 38 ശതമാനം വെള്ളമാണുള്ളത്‌. 25.60 ദശലക്ഷം ഘനമീറ്ററാണ്‌ പരമാവധി ശേഷിയെങ്കിൽ നിലവിൽ 9.66 ദശലക്ഷം ഘനമീറ്റർ മാത്രം.  മീങ്കരയിൽ 2022 മാർച്ച്‌ 27ന്‌ 31 ശതമാനം വെള്ളമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 19 ശതമാനം മാത്രം. പരമാവധി സംഭരണശേഷി 11.33 ദശലക്ഷം ഘനമീറ്റർ. നിലവിൽ 1.09 ദശലക്ഷം ഘനമീറ്റർ വെള്ളമാണുള്ളത്‌. വാളയാറിൽ 23 ശതമാനം വെള്ളമേയുള്ളൂ. പരമാവധി സംഭരണശേഷി 18.40 ദശലക്ഷം ഘനമീറ്റർ. നിലവിൽ 4.22 ദശലക്ഷം ഘനമീറ്റർ മാത്രം. 2022ൽ 34 ശതമാനം വെള്ളമുണ്ടായിരുന്നു.  പോത്തുണ്ടിയിൽ പരമാവധി സംഭരണശേഷി 50.91 ദശലക്ഷം ഘനയടി. തിങ്കളാഴ്‌ച 16 ശതമാനം മാത്രം. കഴിഞ്ഞ വർഷം 32 ശതമാനമുണ്ടായിരുന്നു. ചുള്ളിയാർ അണക്കെട്ടിൽ എട്ട്‌ ശതമാനം വെള്ളമേയുള്ളൂ. പരമാവധി ശേഷി 13.70 ദശലക്ഷം ഘനമീറ്ററാണ്‌. നിലവിലുള്ളത്‌ 1.09 ദശലക്ഷം ഘനമീറ്റർ മാത്രം. കഴിഞ്ഞ വർഷം ഇതേ ദിവസം 30 ശതമാനം വെള്ളമുണ്ടായിരുന്നു. മംഗലം അണക്കെട്ടിന്റെ പരമാവധി ശേഷി 25.49 ദശലക്ഷം ഘനമീറ്ററാണ്‌. രണ്ടു ശതമാനം  വെള്ളമേയുള്ളൂ. 2022ൽ ഇതേ സമയം 10 ശതമാനം വെള്ളമുണ്ടായിരുന്നു. Read on deshabhimani.com

Related News