കൊയ്‌ത്തും നെല്ല് സംഭരണവും: പ്രശ്നങ്ങൾ പരിഹരിക്കണം



ആലത്തൂർ നിയോജകമണ്ഡലത്തിലെ കൊയ്ത്തും നെല്ല് സംഭരണവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ ഡി പ്രസേനൻ എംഎൽഎ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ആകെയുള്ള 13,128 ഏക്കറിൽ 1546 ഏക്കർ കൊയ്ത്ത് ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.  മൂന്നുവർഷമായി നിറ ഹരിത മിത്ര സൊസൈറ്റി കൊണ്ടുവന്ന 40 കൊയ്ത്ത്‌ വണ്ടികളിലെ ഓപ്പറേറ്റർമാരും തമിഴ്നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. തിരികെവരാൻ സന്നദ്ധരായ 15 പേരെ പ്രത്യേക അനുമതി നൽകി കേരളത്തിലെത്തിച്ച് കൊയ്ത്ത് പൂർത്തിയാക്കണം.  ഓപ്പറേറ്റർമാരില്ലാതെ കിടക്കുന്ന വണ്ടികൾ പിടിച്ചെടുത്ത് പരിശീലനം നേടിയ ഓപ്പറേറ്റർമാരുടെ സഹായത്തോടെ പ്രവർത്തിപ്പിക്കണം. മലമ്പുഴ കൃഷി അസിസ്റ്റന്റ്‌എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ്, കൈകോ എന്നിവിടങ്ങളിൽനിന്ന്‌ കൊയ്ത്ത്‌ യന്ത്രവും ഓപ്പറേറ്റർമാരെയും കൃഷിയിടത്തിൽ എത്തിക്കണമെന്നും കെ ഡി പ്രസേനൻ എംഎൽഎ ആവശ്യപ്പെട്ടു. ഇവർക്ക് സഞ്ചരിക്കാനുള്ള സാക്ഷ്യപത്രം കൃഷി ഓഫീസർമാർ മുഖേന നൽകണം. സംഭരണത്തിലും പ്രതിസന്ധി നിലനിൽക്കുകയാണ്. 22,974 മെട്രിക് ടൺ നെല്ല് സംഭരിക്കാൻ ബാക്കിയുണ്ട്. സംഭരണ വാഹനങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ മില്ലുകാരുടെ വാഹനം പിടിച്ചെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാരെ ഓടിക്കാൻ വിന്യസിപ്പിക്കണം.  ഇത്തരം വാഹനങ്ങളെ അവശ്യ സർവീസ് ആയി കണക്കാക്കി അന്തർ ജില്ലാ ഗതാഗതത്തിനുള്ള പാസ് കൃഷി ഓഫീസർമാർ മുഖേന നൽകണം.  കയറ്റിറക്ക് തൊഴിലാളികളെ നെല്ല് കയറ്റുന്നതിനായി ഉപയോഗിച്ച് ഇവർക്ക് സുരക്ഷാ ക്രമീകരണങ്ങളും ബാഡ്ജും നൽകണം.  കൃഷി ഓഫീസർമാരുടെ ക്രോപ്പ് കട്ടിങ്‌ സർവേയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓഡിറ്റോറിയം, മില്ലുകളുടെ ഗോഡൗൺ, അടഞ്ഞുകിടക്കുന്ന സംഭരണകേന്ദ്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി നെല്ല് സംഭരണം പൂർത്തിയാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രിമാരായ എ കെ ബാലനും കെ കൃഷ്ണൻകുട്ടിക്കും നിവേദനം നൽകി. Read on deshabhimani.com

Related News