കൊലയാനയെ മയക്കുവെടിവച്ച്‌ പിടികൂടും



മലമ്പുഴ  ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പിടി –-7 എന്ന കൊലയാനയെ മയക്കുവെടിവച്ച്‌ പിടികൂടാൻ വനംവകുപ്പ്‌ തീരുമാനിച്ചു. കർഷകസംഘം നടത്തിയ സമരത്തെ തുടർന്നാണ്‌ വനംവകുപ്പ്‌ ഉദ്യേഗസ്ഥർ ഇക്കാര്യം ഉറപ്പ്‌ നൽകിയത്‌.  മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്‌, പുതുശേരി, മുണ്ടൂർ പഞ്ചായത്തുകളിൽ നിരന്തരം ശല്യം സൃഷ്ടിക്കുന്ന ആനയാണിത്‌. രണ്ടുപേരെ പിടി–-7 കൊലപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസവും ധോണിയിൽ ടാപ്പിങ്‌ തൊഴിലാളിയെ പിടി–- 7 ആക്രമിച്ചു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ്‌ തൊഴിലാളിക്ക്‌ പരിക്കേറ്റു. ഈ ആന ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ്‌ കർഷകസംഘം സമരവുമായി രംഗത്തുവന്നത്‌.  മുണ്ടൂർ ഏരിയ കമ്മറ്റി നേതൃത്വത്തിൽ ശനിയാഴ്‌ച ഡിഎഫ്ഒ ഓഫീസ്‌ ഉപരോധിച്ചു. സിപിഐ എം ജില്ലാ കമ്മറ്റിയംഗം പി എ ഗോകുൽദാസ്, കർഷകസംഘം നേതാക്കളായ ജോസ് മാത്യുസ്, വി സേതുമാധവൻ, ബിനോയ് ചാക്കോ എന്നിവർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, ഫോറസ്റ്റ് കൺസർവേറ്റർ വിജയാനന്ദ്‌ എന്നിവരുമായി ചർച്ച നടത്തി.  മലമ്പുഴയിലെ കാട്ടാനശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ്, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ, എ പ്രഭാകരൻ എംഎൽഎ എന്നിവർ വനംമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു.      തിങ്കളാഴ്ച ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം ആരംഭിക്കും. ഇതിനായി വയനാട്ടിൽനിന്ന് പരിശീലനം കിട്ടിയ താപ്പാനകളും സംഘവും അടുത്ത ദിവസം ധോണിയിലെത്തും.   കർഷകസംഘം 
ഉപരോധിച്ചു മലമ്പുഴ കാട്ടാനശല്യത്തിന്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം മുണ്ടൂർ ഏരിയ കമ്മിറ്റി വനംവകുപ്പ്‌ ഓഫീസ്‌ ഉപരോധിച്ചു.  സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ബിനോയ് ചാക്കോ, അധ്യക്ഷനായി.  ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജോസ് മാത്യൂസ്, ഏരിയ സെക്രട്ടറി വി സേതുമാധവൻ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത അനന്തകൃഷ്ണൻ, എസ്‌ സുമേഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News