സുരേഷ്‌കുമാര്‍ 3 ദിവസം 
വിജിലന്‍സ് കസ്റ്റഡിയില്‍

കൈക്കൂലിക്കേസിൽ റിമാൻഡിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്-കുമാറിനെ കസ്റ്റഡിയിൽ വാങ്ങി 
ജില്ലാ വിജിലൻസ് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുവരുന്നു


പാലക്കാട് കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്‌കുമാറിനെ വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തൃശൂർ വിജിലൻസ് കോടതി പ്രതിയെ അന്വേഷകസംഘത്തിന് കൈമാറിയത്. സ്‌പെഷ്യൽ ജഡ്‌ജി അനിലാണ് കേസ് പരിഗണിച്ചത്. വിജിലൻസ് സംഘം സുരേഷുമായി പാലക്കാട്ടെ വിജിലൻസ് ഓഫീസിലെത്തി. മൂന്നുദിവസം ഇവിടെവച്ചാണ് ഇയാളെ ചോദ്യം ചെയ്യുക. പാലക്കയം വില്ലേജ് ഓഫീസിലും സുരേഷ് താമസിച്ച മുറിയിലുമടക്കം എത്തിച്ച് തെളിവെടുക്കും. കേസിൽ പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടോയെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം. പിടിച്ചെടുത്ത 35 ലക്ഷം രൂപയുടെയും അക്കൗണ്ടിലെ 70 ലക്ഷം രൂപയുടെയും ഉറവിടത്തെക്കുറിച്ചാണ് പ്രധാനമായും ചോ​ദിച്ചറിയുക. വിജിലൻസ് ഡിവൈഎസ്‍പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും സംസ്ഥാനത്താകെയും വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി സ്വദേശിയിൽനിന്ന്‌ 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ്‌കുമാറിനെ വിജിലൻസ് പിടികൂടിയത്.  അന്വേഷണത്തിന്‌ റവന്യു ജോയിന്റ്‌ സെക്രട്ടറിയും സുരേഷ്‌കുമാറിന്റെ കൈക്കൂലിക്കേസ് റവന്യു വകുപ്പും വിശദമായി അന്വേഷിക്കും. അന്വേഷണം നടത്താൻ റവന്യു  ജോയിന്റ്‌ സെക്രട്ടറി ബിജുവിനെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
     എല്ലാ വില്ലേജ് ഓഫീസിലും വിജിലൻസ് നമ്പർ പ്രദർശിപ്പിക്കണമെന്നും ഇത് പൊതുജനം കാണുന്ന സ്ഥലത്തായിരിക്കണമെന്നും വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News