ബജറ്റ്‌ ലക്ഷ്യമിടുന്നത്‌ 
ദാരിദ്ര്യമുക്തി: ഐസക്‌

എം പി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക പഠനകേന്ദ്രം സംഘടിപ്പിച്ച ബജറ്റ് സംവാദം മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ്‌ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന്‌‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. എം പി കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കേരള ബജറ്റ്‌, വലത്‌ നയങ്ങൾക്കെതിരായ ബദൽ പരിപ്രേക്ഷ്യം’ ജനകീയ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.  പൊതുനയങ്ങളുടെ ഭാഗമായാണ്‌ ഇത്രകാലം ക്ഷേമ പദ്ധതികൾ നടപ്പാക്കിയത്‌. എന്നാൽ ഓരോ ദരിദ്ര കുടുംബത്തിന്റെയും അവസ്ഥയും ആവശ്യവും മനസ്സിലാക്കി മൈക്രോ പ്ലാൻ തയ്യാറാക്കി അവർക്ക്‌ ആവശ്യമായതൊക്കെ ചെയ്‌തുകൊടുക്കും. കേരളത്തിലെ ജനങ്ങൾക്ക്‌ മറ്റു സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട സാമ്പത്തിക നിലയുണ്ട്‌. 60 ലക്ഷം പേർക്ക്‌ സർക്കാർ പെൻഷൻ കൊടുക്കുന്നു. ഇനി യൂണിവേഴ്‌സൽ പെൻഷനിലേക്ക്‌ പോകുകയാണ്‌.   അഞ്ച്‌ വർഷത്തിനിടെ 15 ലക്ഷം പേർക്ക്‌ ഉപജീവന തൊഴിൽ നൽകുമെന്നാണ്‌‌ ‌ബജറ്റിലെ പ്രഖ്യാപനം. മൂന്ന്‌ മാസത്തിനിടെ 1.10 ലക്ഷം പേർക്ക്‌ തൊഴിൽ നൽകിക്കഴിഞ്ഞു.  ഇക്കാര്യം സംശയമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ജോബ്‌ പോർട്ടൽ നോക്കിയാൽ മതി. അടുത്ത ദിവസങ്ങളിൽ കുടുംബശ്രീയിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ്‌ പോർട്ടൽ തുറക്കും. ആർക്കുവേണമെങ്കിലും സ്വയംതൊഴിലിനായി‌ രജിസ്‌റ്റർ ചെയ്യാം. സംസ്ഥാന നിയന്ത്രണത്തിലുള്ള ബാങ്കുകളിൽനിന്ന്‌ വായ്‌പയും ലഭിക്കും. ക്ഷേമ പ്രവർത്തനത്തിനുശേഷം പശ്ചാത്തല വികസനത്തിനും പണമുണ്ടാക്കുക വെല്ലുവിളിയാണ്‌. ഇതിനായി ബജറ്റിൽനിന്നെടുക്കുന്നതിന്‌ പരിധിയുണ്ട്‌. കിഫ്‌ബി അതിനുള്ള പദ്ധതിയാണ്. കിഫ്‌ബി വഴിയുള്ള 10,000 കോടി രൂപയുടെ വികസനം നമ്മുടെ മുന്നിലുണ്ട്‌. ‌കേരള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്‌. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സാമ്പത്തിക അടിത്തറയുണ്ടാക്കുകയാണ്‌ മൂന്നാമത്തെ ഘട്ടം. അതിനായി വ്യവസായ അടിത്തറ ഉണ്ടാകണം. ഇതിനായി വിദ്യാസമ്പന്നരെ  ഉപയോഗിക്കണം. കഴിവിന്റെ അടിസ്ഥാനത്തിൽ ഇവരെ ഉപയോഗപ്പെടുത്താം. കെ ഡിസ്‌ക്കിലൂടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുണ്ടാക്കി രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ പരിശീലനം നൽകും. സംരംഭങ്ങൾ വരുന്നതിനുള്ള മാർഗം സ്‌റ്റാർട്ടപ്പാണ്‌. ന്യൂതന വിദ്യയാണ്‌ ആധുനിക ലോകത്തെ മുന്നോട്ട്‌ നയിക്കുന്നത്‌. അതിന്‌ ഉന്നത വിദ്യാഭ്യാസം വേണം. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക്‌ ഉയരണം.  ഇതിനായി 30 മികവിന്റെ കേന്ദ്രങ്ങൾ എല്ലാ സൗകര്യങ്ങളുമൊരുങ്ങിയാൽ ആരംഭിക്കും. ഭൂതകാലത്തിന്റെ നേട്ടങ്ങൾ നിലനിർത്തി പുതിയ ലോകം സൃഷ്ടിക്കണം. കേരളം ലോകത്തിനുമുന്നിൽ പുതിയൊരു മാതൃക മുന്നോട്ടുവയ്‌ക്കുകയാണ്‌–-തോമസ്‌ ഐസക്‌ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി. പ്രൊഫ. പി എ വാസുദേവൻ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, എംഎൽഎമാരായ പി ഉണ്ണി, കെ ഡി പ്രസേനൻ എന്നിവർ പങ്കെടുത്തു. ടി കെ നാരായണദാസ്‌ സ്വാഗതവും ടി കെ നൗഷാദ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News