നായകളെ പിടിക്കാൻ 
കുടുംബശ്രീയും



പാലക്കാട്‌ ജനങ്ങൾക്ക്‌ ഭീഷണിയാകുന്ന തെരുവുനായകളെ പിടിക്കാൻ സന്നദ്ധരായി കുടുംബശ്രീയും. അംഗങ്ങളും കുടുംബാംഗങ്ങളുമായി 31 പഞ്ചായത്തിലെ 81 പേരാണ്‌ സന്നദ്ധത അറിയിച്ചത്‌. ഇതിൽ 67 പേർ പുരുഷന്മാരും 14 പേർ സ്‌ത്രീകളുമാണ്‌. സംസ്ഥാന മിഷന്റെ നിർദേശ പ്രകാരമാണ്‌ പഞ്ചായത്തുകളിൽ താൽപ്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയത്‌. ജില്ലാതലത്തിൽ സിഡിഎസ്‌ ചെയർപേഴ്‌സൺമാരുടെ ഓൺലൈൻ യോഗം ചേർന്ന്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. തെരുവുനായകളെ വന്ധ്യംകരണത്തിനും വാക്‌സിനേഷനുമായാണ്‌ പിടികൂടുന്നത്‌. സന്നദ്ധത അറിയിച്ചവർക്ക്‌ മൃഗസംരക്ഷണ വകുപ്പ്‌ പരിശീലനം നൽകും. പരിശീലനത്തിനുശേഷം വാക്‌സിനേഷനും നൽകിയശേഷമായിരിക്കും നായകളെ പിടിക്കാൻ ഇറങ്ങുക. നേരത്തേ അനിമൽ ബർത്ത്‌ കൺട്രോൾ പദ്ധതി (എബിസി) കുടുംബശ്രീ സഹായത്തോടെ നടത്തിയിരുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്നവർക്ക്‌ മുൻഗണനയുണ്ട്‌. ഇതിനൊപ്പം മൃഗസംരക്ഷണ വകുപ്പ്‌ കണ്ടെത്തിയവർകൂടി സഹായത്തിനുണ്ടാവും. വാക്‌സിനേഷനായി ഒരു തെരുവുനായയെ പിടിച്ചുനൽകിയാൽ 300 രൂപയാണ്‌ പ്രതിഫലം. രണ്ടുഡോസ്‌ കരുതൽ വാക്‌സിൻ എടുത്തവരെ മാത്രമേ നായകളെ പിടിക്കാൻ അനുവദിക്കാവൂ എന്ന്‌ സർക്കാർ നിർദേശമുണ്ട്‌. ജില്ലയിൽ എല്ലാ ബ്ലോക്കിലും എബിസി സെന്റർ തുടങ്ങാനുളള നടപടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നായകൾക്ക്‌ ഷെൽട്ടർ ഹോം തുടങ്ങാൻ സ്ഥലം കണ്ടെത്താൻ പഞ്ചായത്തുകളോട്‌ നിർദേശിച്ചിട്ടുണ്ട്‌. വളർത്തുനായകൾക്ക്‌ വാക്‌സിനേഷനും ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ഈ മാസം ഒന്നുമുതൽ ശനിവരെ ജില്ലയിൽ 16,806 വളർത്തുനായകൾക്ക്‌ വാക്സിനേഷൻ നടത്തി. ഒപ്പം 248 തെരുവുനായകൾക്കും വാക്‌സിനെടുത്തു. പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം തുടങ്ങി നാല് കേന്ദ്രത്തിലാണ് വാക്‌സിൻ നൽകുന്നത്.  വന്ധ്യംകരണത്തിനായി പിടികൂടുന്ന തെരുവുനായകൾക്കും വാക്‌സിൻ നൽകുന്നുണ്ട്‌. 29,898 തെരുവുനായകൾ ജില്ലയിലുണ്ടെന്നാണ്‌ കണക്കെങ്കിലും അമ്പതിനായിരത്തിലേറെ നായകൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌. Read on deshabhimani.com

Related News