കൂടുതൽ മികവിന് "സുസ്ഥിരം'



പാലക്കാട്‌ കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളെ കൂടുതൽ മികവിലേക്ക്‌ നയിക്കാൻ ‘സുസ്ഥിരം 2022’ ക്യാമ്പയിന്‌ തുടക്കമായി. ജില്ലയിലെ സംരംഭങ്ങളെ വിലയിരുത്തി പ്രവർത്തനം മെച്ചപ്പെടുത്തി വരുമാനം ഉയർത്തുകയാണ്‌ ലക്ഷ്യം. കുടുംബശ്രീ സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമെങ്കിൽ പരിഷ്‌കരിക്കും. വിവിധ ഘട്ടങ്ങളായി സംരംഭങ്ങളെ പുനർജീവിപ്പിച്ചും മെച്ചപ്പെടുത്തിയും സുസ്ഥിര വരുമാനത്തിൽ എത്തിക്കും.   പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ജനറൽ ഓറിയന്റേഷൻ ട്രെയിനിങ്, എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ നൽകുന്നു. ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ എന്റർപ്രണർഷിപ്‌ ഡവല്‌മെന്റ്‌ പ്രോഗ്രാം അധിഷ്ടിതമാക്കിയും ജനറൽ ഓറിയന്റേഷൻ പരിശീലനവും നൽകുന്നു. ആവശ്യമായ ഗുണഭോക്താക്കൾക്ക് വൈദഗ്‌ധ്യ പരിശീലനവും നൽകും.  സംരംഭങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിന്‌ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ വിവിധ ഗ്രേഡുകളായി തരംതിരിച്ച്‌ അനുയോജ്യമായ തരത്തിലുള്ള സഹായമാണ്‌ നൽകുക. വിവിധ വകുപ്പുകളുടെയും വിദഗ്‌ധരുടെയും സേവനം ലഭ്യമാക്കി സംരംഭങ്ങളെ മികച്ച രീതിയിൽ മാറ്റി വരുമാനം ഉറപ്പാക്കും. സുസ്ഥിരം സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി സംരംഭക മീറ്റുകൾ, വിവിധ വകുപ്പുകളുമായുള്ള സംയോജനം, ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭിക്കും. വിപണന ശൃംഖലയുടെ വ്യാപനത്തെക്കുറിച്ചും ജിഎസ്ടി, ഭക്ഷ്യസുരക്ഷ തുടങ്ങിയവയെ കുറിച്ചും അവബോധം നൽകും. സംരംഭങ്ങളുടെ രജിസ്ട്രേഷനും ജിയോ ടാഗിങ്ങും പൂർത്തിയാക്കും. 2023 ജനുവരി ഒന്നുവരെയാണ്‌ ക്യാമ്പയിൻ നടക്കുക. Read on deshabhimani.com

Related News