ഓണസിനിമകളുടെ പ്രതീക്ഷയിൽ തിയറ്ററുകൾ



പാലക്കാട്  ഓണച്ചിത്രങ്ങളുടെ റിലീസിങ് പ്രതീക്ഷയിലാണ് സിനിമാ തിയറ്ററുകളും പ്രേക്ഷകരും. പ്രിയദർശന്റെ മോഹൻലാൽ ചിത്രം ‘കുഞ്ഞാലിമരയ്ക്കാർ' ഉൾപ്പെടെ നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ തിയറ്ററുകൾ തുറക്കുമോയെന്ന ആശങ്കയുണ്ട്. കർശന നിയന്ത്രണങ്ങൾ പ്രേക്ഷകരെ അകറ്റുമോയെന്ന ഭീതിയും ഉടമകൾക്കുണ്ട്‌.  കോവിഡിൽ അടച്ചിട്ട തിയറ്ററുകൾക്ക് ഓണക്കാലത്തെ വരുമാനം സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉടമകളും ജീവനക്കാരും. വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജിന്റെ 50 ശതമാനം സർക്കാർ ഒഴിവാക്കി നൽകിയത്‌ ആശ്വാസമായി. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സിനിമാ റിലീസുകളുടെ തളർച്ചകൂടി തിയറ്റർ ഉടമകൾ നേരിടുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് നിർമാതാക്കൾ ഇത്തരം റിലീസുകൾക്ക് നിർബന്ധിതരാകുന്നത്‌.  കോവിഡിന്റെ ഒന്നാം തരംഗത്തിനുശേഷം തിയറ്ററുകൾ പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ രണ്ടാംതരംഗത്തെ തുടർന്ന് അടച്ചിട്ടു. നിലവിൽ ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ഓരോ മേഖലകളും തുറക്കുന്നതിനിടയിലാണ് ജില്ലയിലെ കോവിഡ് വ്യാപനവും രോഗ സ്ഥിരീകരണ നിരക്കും കൂടുന്നത്. തിയറ്റർ അടച്ചിട്ടതിനെത്തുടർന്ന് ഉടമകൾക്കൊപ്പം ജീവനക്കാരും പ്രതിസന്ധിയിലാണ്‌. മിക്കവരും മറ്റു ജോലികൾ കണ്ടെത്തി. തിയറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഒരു വിഭാഗം ജീവനക്കാർ ഇപ്പോഴും കാത്തിരിപ്പുണ്ട്.    കേടുകൂടാതെ സൂക്ഷിക്കാനും വൻ ചെലവ്   തിയറ്റുകൾ പ്രവർത്തിക്കാത്തതിനാൽ പ്രൊജക്ടർ, സ്ക്രീൻ, ശബ്ദ സംവിധാനങ്ങൾ, ഇരിപ്പിടം എന്നിവ നശിക്കാതെ നോക്കുക വെല്ലുവിളിയാണ്. നാലുദിവസം കൂടുമ്പോൾ തിയറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം വൃത്തിയാക്കുന്നുമുണ്ട്. ഇതിന് വൻ ചെലവാണ് വരുന്നതെന്ന് കല്ലടിക്കോട് ബാല തിയറ്റർ ഉടമ കെ ശശികുമാർ പറയുന്നു. അടച്ചിട്ട കാലയളവിലെ നികുതിയിനത്തിൽ ഇളവ്‌ നൽകിയും വിനോദനികുതി ഒഴിവാക്കിയും തിയറ്ററുകൾ നിലനിർത്താൻ സഹായിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.   Read on deshabhimani.com

Related News