വൈവിധ്യങ്ങളുടെ സംഗമഭൂമി



പാലക്കാട്  വള്ളുവനാടിന്റെയും പാലക്കാടിന്റെയും സംസ്‌കാരങ്ങൾ ഇഴചേർന്ന കോങ്ങാട് മണ്ഡലം. മലയും കുന്നും കാടും ഭാരതപ്പുഴയുമൊക്കെയായി വൈവിധ്യങ്ങളുടെ സംഗമഭൂമികൂടിയാണിത്‌. 2011ൽ രൂപീകരിച്ച ഈ സംവരണമണ്ഡലം കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോട്‌ ചേർന്നുനിന്നു. രണ്ടുതവണയും അമരക്കാരനായ കെ വി വിജയദാസ്‌ എന്ന ജനകീയനേതാവ്‌ വിട വാങ്ങിയതിന്റെ ദുഃഖവും പേറിയാണ്‌ കോങ്ങാട്‌ വീണ്ടുമൊരു തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്‌.  കോങ്ങാടിന്റെ മുഖഛായ മാറ്റുന്ന വികസന മുന്നേറ്റമാണ്‌ വിജയദാസിന്റെ നേതൃത്വത്തിൽ നടന്നത്‌. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി സ്വാമിനാഥനെ 3,565 വോട്ടിനാണ് വിജയദാസ് പരാജയപ്പെടുത്തിയത്. 2016ൽ എത്തുമ്പോൾ 13,271 വോട്ടായി ഭൂരിപക്ഷം ഉയർന്നു.  പഴയ ശ്രീകൃഷ്‌ണപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ 2011ൽ വിഭജിച്ച്‌ ഒറ്റപ്പാലം, കോങ്ങാട്‌, ഷൊർണൂർ‌ മണ്ഡലങ്ങളുടെ ഭാഗമായി. വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശേരി നഗരസഭയും ഷൊർണൂരിന്റ ഭാഗമാണ്‌. കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്‌ണപുരം പഞ്ചായത്തുകൾ ഒറ്റപ്പാലത്തോട്‌ ചേർന്നു. ഒറ്റപ്പാലത്തിന്റെ ഭാഗമായിരുന്ന മണ്ണൂരും മണ്ണാർക്കാടുനിന്ന്‌ തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നിവ കോങ്ങാടിന്റെ ഭാഗമായി.  കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുറുശി, കോങ്ങാട്, കേരളശേരി, മണ്ണൂർ, മങ്കര, പറളി എന്നിങ്ങനെ ഒമ്പത്‌ പഞ്ചായത്താണ്‌ കോങ്ങാട്‌ മണ്ഡലത്തിലുള്ളത്‌‌. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിൽ ഒമ്പത്‌ പഞ്ചായത്തുകളിൽ മങ്കര ഒഴികെ എട്ടും ഇടതുപക്ഷത്തെ ഹൃദയത്തോടുചേർത്തു. മണ്ഡലത്തിൽ എൽഡിഎഫിന്‌  63,551 വോട്ടും യുഡിഎഫിന്‌ 50,185വോട്ടും ബിജെപിക്ക്‌ 26,555 വോട്ടുമാണ്‌ ലഭിച്ചത്‌. പുതിയ വോട്ടർപട്ടിക പ്രകാരം മണ്ഡലത്തിൽ 1,77,041 വോട്ടർമാരാണുള്ളത്‌. ഇതിൽ 90,074പേർ സ്‌ത്രീകളും  86,987 പുരുഷന്മാരുമാണ്‌.  നെല്ലും പച്ചക്കറിയും റബ്ബറും തെങ്ങുമൊക്കെ ഇവിടത്തെ പ്രധാനകൃഷിയിനങ്ങളാണ്‌. കർഷകരും കർഷകത്തൊഴിലാളികളുമാണ്‌ മണ്ഡലത്തിന്റെ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. കഴിഞ്ഞ പത്തുവർഷത്തിനിടെ മണ്ഡലത്തിലുണ്ടായ സമഗ്രവികസനം കണ്ടില്ലെന്നു നടിക്കാൻ ജനങ്ങൾക്കാവില്ല. വരുന്ന തെരഞ്ഞെടുപ്പിൽ  ഇവിടത്തെ ചർച്ച ഈ നേട്ടങ്ങൾതന്നെയാവും. Read on deshabhimani.com

Related News