ജാഗ്രത നൽകി തദ്ദേശ സ്ഥാപനങ്ങൾ



പാലക്കാട്‌ കോവിഡ്‌ മൂന്നാം തരംഗം ജില്ലയിൽ വ്യാപകമാകുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത ശക്തമാക്കി. പഞ്ചായത്തുകളും നഗരസഭകളും വ്യാപനം പിടിച്ചുനിർത്താൻ നടപടി തുടങ്ങി.  ബോധവൽക്കരണമാണ്‌ തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതല. രോഗത്തിന്റെ അവസ്ഥയും ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച്‌ നോട്ടീസ്‌ വിതരണം ചെയ്‌തും വാഹനത്തിൽ അനൗൺസ്‌മെന്റ്‌ നടത്തിയും നിരന്തരം ബോധവൽക്കരിക്കുന്നുണ്ട്‌. ആവശ്യമെങ്കിൽ കോവിഡ്‌ ബ്രിഗേഡിനെ സന്നദ്ധമാക്കാനും അധികാരം നൽകി. സിനിമ തിയറ്ററുകൾ, മാളുകൾ, മാർക്കറ്റ്‌, ഓഡിറ്റോറിയം എന്നിവയുടെ പ്രവർത്തനം തീരുമാനിക്കുന്നത്‌ തദ്ദേശ സ്ഥാപനങ്ങളാണ്‌. വിവാഹം, മതപരമായ ചടങ്ങുകൾ, പൊതുപരിപാടികൾ തുടങ്ങിയവ കോവിഡ്‌ വ്യാപനത്തിന്റെ തോതനുസരിച്ച്‌ ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നു. പകർച്ചവ്യാധികൾ തടയാൻ പരിസരശുചീകരണം നടത്തും.  കോവിഡ്‌ ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക്‌ മാനസിക പിന്തുണ നൽകുന്നതിനൊപ്പം ആവശ്യമെങ്കിൽ ഭക്ഷണവും മരുന്നും മറ്റ്‌ സൗകര്യങ്ങളും ഒരുക്കി നൽകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക, രണ്ടാംതല കോവിഡ്‌ ചികിത്സാകേന്ദ്രങ്ങളിൽ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കൽ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്‌. Read on deshabhimani.com

Related News