വാക്‌സിനേഷൻ 
100 ശതമാനത്തിലേക്ക്



പാലക്കാട്  ജില്ലയിൽ കോവിഡ്‌ വാക്‌സിനേഷൻ  നൂറ് ശതമാനത്തിലേക്ക്. ഇതുവരെ 28,72,632 ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നാലു ദിവസത്തിനിടെ 45,857 ഡോസ്‌ നൽകി. വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവുകളും ക്യാമ്പുകളും തുടരുന്നു.  23 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 19,80,431 പേർ ഒന്നാം ഡോസും 8,92,201 പേർ ഒന്ന്‌, രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 15,699 പേർ ജില്ലയിൽ വാക്‌സിനെടുത്തു. കോളേജുകൾ തുറക്കുന്നത് പരിഗണിച്ച് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ അതിവേഗമാണ്. കോവിഡ് മോചിതരായി നിശ്ചിത ദിവസം പിന്നിട്ടാലേ ഈ വിഭാഗത്തിന് വാക്‌സിൻ നൽകാനാകു.  അതേസമയം കോവിഡ് ബാധിതർ ഉള്ളതിനാൽ വാക്‌സിനേഷൻ  നൂറ്‌ ശതമാനത്തിലെത്തിക്കുക വെല്ലുവിളിയാണ്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്ക്‌ മുൻഗണനയുണ്ട്. വാക്‌സിനോട് വിമുഖത കാണിക്കുന്നവർക്ക്‌ ബോധവൽക്കരണം നടത്തുന്നുണ്ട്.  ജില്ലയിൽ കോവിഡ് കേസുകളിലെ ഗുരുതരാവസ്ഥ കുറയ്ക്കാൻ വാക്‌സിനേഷൻ സഹായകമായി. വാക്‌സിൻ സ്ലോട്ടുകൾ ലഭ്യമാക്കുന്നതിൽ വീഴ്‌ചയില്ലെന്ന് അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News