വിഷലിപ്‌ത ആശയങ്ങൾക്കെതിരെ കരുതിയിരിക്കണം: എ കെ ബാലൻ

സിപിഐ എം ആലത്തൂർ ഏരിയ കമ്മറ്റി ഓഫീസായ ആർ കൃഷ്‌ണൻ സ്‌മാരകത്തിന്‌ കേന്ദ്രകമ്മിറ്റിയംഗം 
എ കെ ബാലൻ കല്ലിടുന്നു


  ആലത്തൂർ  ഫാസിസത്തിന്റെ വാതിൽ തുറക്കാൻ കോപ്പുകൂട്ടുന്നവർ വിഷലിപ്‌ത ആശയങ്ങൾ പ്രചരിപ്പിച്ച്‌ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ.       ഇത്തരം നീക്കങ്ങൾക്കെതിരെ സാംസ്‌കാരിക വേദികൾ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം സജീവമാക്കണം. പുതുതായി നിർമിക്കുന്ന  സിപിഐ എം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസായ ആർ കൃഷ്‌ണൻ സ്‌മാരകത്തിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു എ കെ ബാലൻ. കമ്യൂണിസ്റ്റ് പാർടിയേയും തൊഴിലാളി പ്രസ്ഥാനങ്ങളേയും ഇല്ലാതാക്കാനുള്ള ശ്രമമാണ് മുതലാളിത്ത ശക്തികൾ നടത്തുന്നത്‌.       ഫാസിസത്തിന്റെ വാതിലുകൾ എപ്പോൾ വേണമെങ്കിലും തുറക്കപ്പെടാമെന്ന അവസ്ഥയാണ്‌. അതിനെ പ്രതിരോധിക്കാൻ  നമുക്ക്‌ വേദികൾ രൂപപ്പെടുത്തണം. ജാതി–- ജന്മി നാടുവാഴിത്തത്തിനെതിരെ അതിശക്ത പോരാട്ടം നടത്തിയ നേതാവാണ്‌ ആലത്തൂർ ആർ കൃഷ്‌ണൻ. അയിത്തത്തിനെതിരായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്‌. അദ്ദേഹത്തിന്റെ പോരാട്ട സ്‌മരണകൾ നമുക്ക്‌ ഊർജം പകരും. ആർകെയുടെപേരിൽ നിർമിക്കുന്ന ഏരിയ കമ്മിറ്റി ഓഫീസ്‌  അതിന്‌ പ്രചോദനമേകുമെന്നും എ കെ ബാലൻ പറഞ്ഞു.      ചടങ്ങിൽ ഏരിയ സെക്രട്ടറി സി ഭവദാസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, ജില്ലാകമ്മിറ്റി അംഗം വി പൊന്നുക്കുട്ടൻ, ടി ആർ അജയൻ എന്നിവർ സംസാരിച്ചു. വി സി രാമചന്ദ്രൻ സ്വാഗതവും എം മായൻ നന്ദിയും പറഞ്ഞു. 100 വർഷത്തിലധികമായി പഴക്കമുള്ള നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയാണ് സ്വാതി ജങ്‌ഷനിലെ പുതിയ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തോടൊപ്പം പത്ത് ലോക്കലിലായി പത്ത് നിർധന കുടുംബങ്ങൾക്ക് നൽകുന്ന സ്നേഹവീടിന്റെ നിർമാണവും പുരോഗതിയിലാണ്. Read on deshabhimani.com

Related News