മണ്ണാർക്കാട് പ്രത്യേക സബ്‌ജയിൽ 
യാഥാർഥ്യമാകുന്നു

സബ് ജയിൽ കെട്ടിട നിർമാണത്തിന്റെ ഭാഗമായി സർവേ നടത്തുന്നു


മണ്ണാർക്കാട്  കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ടിപ്പുസുൽത്താൻ റോഡിൽ മുണ്ടേക്കരാട്  പ്രത്യേക സബ്‌ ജയിൽ കെട്ടിടം നിർമിക്കാനുള്ള സർവേ നടപടി പൂർത്തിയായി. ജയിൽ അധികൃതരും പൊതുമരാമത്ത് അധികൃതരുമാണ്‌ വെള്ളിയാഴ്ച സർവേ നടത്തിയത്. 2022–--23 സാമ്പത്തിക വർഷത്തിൽ ചുറ്റുമതിൽ നിർമിക്കാൻ 1.48 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.  ചുറ്റുമതിൽ നിർമാണം ഉടൻ തുടങ്ങുമെന്ന്‌ നോഡൽ ഓഫീസർ പി മുജീബ് റഹ്മാൻ പറഞ്ഞു. 2007ൽ സ്ഥലം കണ്ടെത്തിയെങ്കിലും 2014ലാണ് സ്ഥലം നൽകാനുള്ള സമ്മതപത്രം ജയിലധികൃതർക്ക് ലഭിച്ചതെന്ന് അന്നത്തെ ജില്ല ജയിൽ സൂപ്രണ്ടായിരുന്ന എസ് ശിവദാസൻ റിപ്പോർട്ട് നൽകിയിരുന്നു. സ്ഥലമേറ്റെടുക്കാനുള്ള സർവേ 2019 ഫെബ്രുവരി ആറിന്‌ തുടങ്ങി 19ന്‌ പൂർത്തിയായി. കാഞ്ഞിരപ്പുഴ വലതുകര കനാലിലെ ഉപകനാൽ ഇതിലൂടെ പോകുന്നതിനാൽ ഈ ഭാഗം വിട്ടുള്ള സ്ഥലമാണ് സബ് ജയിലിനായി നൽകിയത്‌. 2.86 ഹെക്ടറാണ്‌ ആഭ്യന്തര വകുപ്പ് ജയിൽ നിർമാണത്തിനായി ശുപാർശ ചെയ്‌തത്‌. ഇതിൽ 1.62 ഹെക്ടറാണ്‌ 3,20,52,696 രൂപ വില നിശ്ചയിച്ച് ഭൂമി ജയിൽ വകുപ്പിന് കൈമാറിയത്‌.  ജയിലിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സും ജയിൽ കെട്ടിടവും നിർമിക്കാൻ ഏഴ് ഏക്കറോളം വേണമെന്നാണ്‌ 2019ൽ കണക്കാക്കിയത്‌. നിലവിൽ നാലേക്കറാണ്‌ ലഭിച്ചത്‌. Read on deshabhimani.com

Related News