‘അതിഥികൾക്ക്‌ ഇവിടെ സുഖം; ജോലിയുണ്ട്‌, കൂലിയും’

ആസിഫ്‌ ഹുസൈൻ


പാലക്കാട്‌ കോവിഡ്‌ മൂന്നാംതരംഗം ആഞ്ഞടിക്കുമ്പോഴും അതിഥി തൊഴിലാളികൾക്ക്‌ നാട്ടിലേക്ക്‌ മടങ്ങേണ്ട. ഇവിടെ ജോലിയും കൂലിയും ഉണ്ടെന്ന ആശ്വാസത്തിലാണ്‌ ഇവർ. തൊഴിൽ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിൽ 19,000ത്തോളം അതിഥിതൊഴിലാളികളുണ്ട്‌.  2020ൽ കോവിഡ്‌ ഒന്നാംതരംഗത്തിന്റെ തുടക്കത്തിൽ ജില്ലയിൽനിന്ന്‌ പതിനായിരത്തോളം അതിഥിതൊഴിലാളികൾ സ്വന്തം നാടുകളിലേക്ക്‌ മടങ്ങിയിരുന്നു. കോവിഡ്‌ രോഗബാധ കുറഞ്ഞതോടെ ഇവരിൽ ഭൂരിഭാഗവും മടങ്ങിയെത്തി. രണ്ടാംതരംഗത്തിൽ നാട്ടിലേക്ക്‌ മടങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. തൊഴിൽവകുപ്പ്‌വഴി പതിനേഴായിരത്തോളംപേർക്ക്‌ കഴിഞ്ഞ മേയിൽ സർക്കാർ സൗജന്യ റേഷൻ നൽകിയിരുന്നു. ഇത്തവണ മൂന്നാതരംഗം അതിരൂക്ഷമായിട്ടും ആർക്കും സ്വന്തം നാട്ടിലേക്കു പോകണ്ട. ലോക്‌ഡൗൺ പ്രഖ്യാപിക്കാത്തതിനാൽ വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. എല്ലാവർക്കും തൊഴിലുണ്ട്‌. അതിഥിതൊഴിലാളികളുടെ താമസസ്ഥലമായ അപ്‌നാ ഘറിൽ മുഴുവൻ തൊഴിലാളികളുമുണ്ട്‌.  ജില്ലയിലെ ആകെ അതിഥി തൊഴിലാളികളിൽ പതിനായിരത്തോളംപേർ കഞ്ചിക്കോട്‌ വ്യവസായ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. മറ്റുള്ളവരിൽ നല്ലൊരു ശതമാനം കാർഷികമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നു.  നാട്ടിലേക്ക്‌ പോകാൻ യാത്രാസൗകര്യം ആവശ്യപ്പെട്ട്‌ അതിഥി തൊഴിലാളികൾ സമീപിച്ചിട്ടില്ലെന്നും അവർ ഇവിടെ സുരക്ഷിതരാണെന്നും ജില്ലാ ലേബർ ഓഫീസർ ടി കെ ജയചന്ദ്രൻ പറഞ്ഞു.   ‘ഇവിടം സുരക്ഷിതം, 
പിന്നെയെന്തിന്‌ പോകണം’ കഞ്ചിക്കോട്‌ ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്‌. ജോലിയുണ്ട്‌, താമസിക്കാൻ സൗകര്യമുണ്ട്‌, ജീവിതസാഹചര്യവുമുണ്ട്‌. കോവിഡൊക്കെ അതിന്റെ വഴിയേ പൊയ്‌ക്കൊള്ളും. ഞാനുൾപ്പെടെ ഇവിടെ ആർക്കും കോവിഡിനെ ഭയന്ന്‌ നാട്ടിലേക്ക്‌ പോകാൻ താൽപ്പര്യമില്ല. ഉള്ള തൊഴിൽ കളഞ്ഞ്‌ നാട്ടിലേക്ക്‌ പോയി തൊഴിൽ അന്വേഷിച്ച്‌ അലയേണ്ട കാര്യമില്ല.  കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ ഗ്ലാസ്‌ കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ്‌, ആഗ്ര സ്വദേശി ആസിഫ്‌ ഹുസൈൻ പറയുന്നു. Read on deshabhimani.com

Related News