ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം രൂക്ഷം



  പാലക്കാട് മൂന്നാം തരംഗത്തിൽ ജില്ലയിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കി ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപനം രൂക്ഷം. നഴ്‌സിങ് ഓഫീസർമാർ, ഡോക്ടർമാർ, നഴ്‌സിങ് അസിസ്റ്റന്റ്‌, ലാബ് ടെക്‌നീഷ്യന്മാർ എന്നിവരിലാണ് രോഗബാധ കൂടുതൽ. 209 പേർക്കാണ് ഈ മാസം ഇതുവരെ കോവിഡ് ബാധിച്ചത്.  ദിവസം അഞ്ചുമുതൽ ഒമ്പതുവരെ ആരോഗ്യ പ്രവർത്തകർക്ക്‌ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ജീവനക്കാരുടെ കുറവ്‌ പരിഹരിക്കാൻ ഉടൻ താൽക്കാലിക നിയമനം നടത്തി പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്‌. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഡിഎംഒയ്ക്ക് നിവേദനം നൽകി.  ജില്ലാ ആശുപത്രിയിൽമാത്രം സി കാറ്റഗറിയിൽ എഴുപതോളം കോവിഡ് രോഗികളും 270 ജനറൽ കിടപ്പുരോഗികളുമുണ്ട്. ഓപ്പറേഷൻ തിയറ്റർ, കാത്ത്‌ലാബ്, ഡയാലിസിസ്, കീമോ തെറാപ്പി വിഭാഗങ്ങളും മികച്ചരീതിയിൽ പ്രവർത്തിക്കുന്നു. ഈ മാസം 22 വരെമാത്രം 18 നഴ്‌സിങ് ഓഫീസർമാർ കോവിഡ് ബാധിതരായി വിശ്രമത്തിലാണ്.  ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാൻ കൂടുതൽ ജീവനക്കാരെ ജില്ലയിലെത്തിക്കാൻ ആരോഗ്യവകുപ്പ്‌ നടപടിയെടുക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രതീക്ഷ.  ഡോക്ടർമാർമുതൽ ഡാറ്റാ എൻട്രി ജീവനക്കാർവരെയുള്ളവരെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമുണ്ട്. ഒന്നാംതല, രണ്ടാംതല ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എൻഎച്ച്‌എം വഴിയും കോവിഡ്‌ ബ്രിഗേഡിൽനിന്നും കൂടുതൽ ജീവനക്കാരെ നിയമിക്കാനാകുമോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു. Read on deshabhimani.com

Related News