മഴയിൽ മെല്ലെപ്പോകാം; 
ജീവൻ വിലപ്പെട്ടതാണ്‌



  പാലക്കാട് മഴയും അമിതവേഗവും അശ്രദ്ധയും കാരണം റോഡിൽ പൊലിയുന്നത്‌ നിരവധി ജീവനുകൾ. മഴക്കാല ഡ്രൈവിങ്ങിൽ കരുതലില്ലെങ്കിൽ ഏതു നിമിഷവും അപകടത്തിൽപ്പെടാം. ജില്ലയിൽ ശരാശരി രണ്ടു മുതൽ മൂന്നുപേർവരെ ഒരു ദിവസം വാഹനാപകടത്തിൽ മരിക്കുന്നു. സംസ്ഥാനത്ത്‌ ഇത്‌ 11 ആണ്‌. ഞായറാഴ്‌ച ജില്ലയിലുണ്ടായ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ നാലു പേരാണ്‌ മരിച്ചത്‌. ഒരുവയസ്സുള്ള കുഞ്ഞുമുണ്ട്‌. വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേരും കിഴക്കഞ്ചേരി അമ്പിട്ടൻതരിശിൽ ഓട്ടോയും പിക്കപ്‌ വാനും കൂട്ടിയിടിച്ച്‌ ഒരു വയസ്സുള്ള കുഞ്ഞും മരിച്ചു. ഈ വർഷം ആദ്യ മൂന്നുമാസം 11,026 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്‌. 1,092 പേർ മരിച്ചു.  ജില്ലയിലിത് 750ലധികമാണ്, 50ൽതാഴെ ആളുകൾ മരിച്ചു.  ഓരോ വർഷവും ജില്ലയിൽ 300 മുതൽ 450വരെ പേർ അപകടത്തിൽ  മരിക്കുന്നു. 2020ൽ കോവിഡ് കാലമായതിനാൽമാത്രം അപകടമരണം  267 ആയിരുന്നു. റോഡ് സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗമില്ലായ്മയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് മരണങ്ങൾക്ക് കാരണമാവുന്നത്‌. പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. മാർച്ചുവരെ 870പേർക്ക് പരിക്കേറ്റു. ഇതിൽ 20 ശതമാനംപേർ ഇപ്പോഴും കിടപ്പിലാണ്.   വേഗം നിയന്ത്രിക്കൽ, വിട്ടുവീഴ്‌ചാമനോഭാവം എന്നിവയിൽക്കൂടി മാത്രമേ അപകടങ്ങൾ കുറയ്‌ക്കാനാവു. അപകടം ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ്‌  ‘ഓപ്പറേഷൻ റാഷ്‌ ഡ്രൈവ്‌’ എന്ന പേരിൽ  2021 അവസാനം പരിശോധന നടത്തിയിരുന്നു.    മഴയിൽ ശ്രദ്ധയോടെ ഡ്രൈവിങ് മഴക്കാലത്ത്  വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പർ, വെളിച്ചം, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മലമ്പ്രദേശത്ത് വാഹനങ്ങളിൽ ഫോഗ് ലാമ്പ്, പുകമഞ്ഞിൽ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണം. ടയറുകളുടെ ആരോഗ്യം പരിശോധിക്കണം. ഡ്രൈവിങ്ങിന് മുമ്പ്‌ കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് ശ്രദ്ധിക്കണം. വെളളം തെറിപ്പിക്കാൻ സാധ്യതയുളളതിനാൽ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടുപിറകിൽ വാഹനം ഓടിക്കരുത്. മൂടിയുളള ഹെൽമറ്റ്, മഴക്കോട്ട് തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ യാത്രയിൽ കരുതുക. കനത്തമഴയത്ത് വാഹനം ഓടിക്കാതിരിക്കുക.   Read on deshabhimani.com

Related News