കരുത്തോടെ 
500 ദിവസം



 കഞ്ചിക്കോട് രാജ്യരക്ഷാസ്ഥാപനമായ ബെമൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 500 –-ാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച കമ്പനി പടിക്കൽ നടന്ന പ്രതിഷേധസമരം സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ മനോജ്‌ ചിങ്ങന്നൂർ, എഐടിയുസി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.  അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് 19, 20 തീയതികളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ ജനകീയ വോട്ടെടുപ്പിന്റെ ജനവിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. അഞ്ച് പതിറ്റാണ്ടായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നതും രാജ്യസുരക്ഷയ്‌ക്ക്‌ സുപ്രധാന പങ്ക് വഹിക്കുന്നതുമായ കഞ്ചിക്കോട് ബെമലിനെ തുച്ഛവിലയ്ക്ക് വിദേശ, -സ്വദേശ കോർപറേറ്റ് കമ്പനിക്ക് വിൽക്കാൻവേണ്ടി കേന്ദ്രസർക്കാർ 2021 ജനുവരി നാലിന്‌ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിനെതിരെ 2021 ജനുവരി ആറ്‌ മുതൽ തൊഴിലാളികൾ കമ്പനിപടിക്കൽ അനിശ്ചിതകാലസമരം ആരംഭിച്ചതാണ്‌. ഇതിനിടയിൽ പതിനായിരക്കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് പ്രതിരോധക്കോട്ട, ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ജനസഭ, ജനകീയകോടതി, പ്രതിഷേധജ്വാല, വൻ റാലികൾ എന്നിവയും ഉയർന്നുവന്നു. കോവിഡ്കാലത്തും സുരക്ഷാമാനദണ്ഡം പാലിച്ച് സമരം മുന്നോട്ട്പോയി.  പൊതുജനങ്ങളും തൊഴിലാളികളും ബെമൽ വിൽക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അവർ തീരുമാനത്തിൽനിന്ന്‌ പിന്മാറിയില്ല. ഇതിനിടയിൽ ടെൻഡർ നൽകിയ ഒരു സ്വകാര്യകമ്പനി ബെമൽ സന്ദർശിച്ചതും തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിച്ച ബെമലിനെ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പാലക്കാട് ജില്ലയിൽ ഹിതപരിശോധന നടത്താനും ജനാഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിക്കാനുംവേണ്ടിയാണ് ബെമൽ സംരക്ഷണസമിതിയും എംപ്ലോയീസ് അസോസിയേഷനും ചേർന്ന്‌ ജനകീയ വോട്ടെടുപ്പ് സംഘടിപ്പിച്ചത്.  ഏപ്രിൽ 22 മുതൽ 24വരെ ചണ്ഡീഗഡിൽ നടന്ന സിഐടിയു അഖിലേന്ത്യാ കൗൺസിലും മെയ് 15,16ന് തിരുവനന്തപുരത്ത് ചേർന്ന ജനറൽ കൗൺസിലും ബെമൽസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com

Related News