ഇളവ്‌ ദുരുപയോഗിക്കരുത്‌: എ കെ ബാലൻ



പാലക്കാട്  ജില്ലയിൽ കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും സർക്കാർനിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി എ കെ ബാലൻ.  പ്രത്യേക ദിവസങ്ങളിൽ ലോക്ക്‌ഡൗണിൽ ഇളവു നൽകുന്നത് ഉപജീവനത്തിനുവേണ്ടി മാത്രമാണ്. ഇത് ദുരുപയോഗം ചെയ്യരുത്‌. രോഗികളുടെ എണ്ണംകൂടിയാൽ ഗുരുതരമായവരെ മാത്രമേ ചികിത്സിക്കാനാവൂ. അതിനാൽ ഓരോരുത്തരും സ്വയംനിയന്ത്രണങ്ങളോടെ ജീവിക്കണമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പൊതുഗതാഗതത്തിന് ജില്ലയിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾ ഫലപ്രദമായി പരിശോധിക്കുക എന്നത്‌ എളുപ്പമല്ല. പ്രവാസികളുടെ കാര്യത്തിൽ എടുക്കുന്ന നിയന്ത്രണം മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവരുടെ കാര്യത്തിൽ പ്രായോഗികമല്ല. ആരോഗ്യപ്രവർത്തകർ, പൊലീസ് എന്നിവർ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്‌.  ഇവർക്ക് രോഗം പിടിപെട്ട്‌ നിരീക്ഷണത്തിലായാൽ സാഹചര്യങ്ങൾ അപകടകരമാകും. അതിനാൽ പൊതുജനങ്ങൾ മാസ്‌ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.  മന്ത്രി കെ കൃഷ്‌ണൻകുട്ടി. കലക്ടർ ഡി ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം, എഡിഎം ടി വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News