ബള്‍ക്ക് മില്‍ക്ക് കൂളറിലുണ്ട്‌ 
ശുദ്ധപാൽ



പാലക്കാട് പാലിന്റെ ​ഗുണനിലവാരം ഉറപ്പാക്കാൻ മിൽക്ക് കൂളറും സംഭരിക്കുന്ന അധിക പാൽ പൊടിയാക്കാൻ ഫാക്ടറിയുമായി മിൽമ. സംഭരിക്കുന്ന മുഴുവൻ പാലിന്റെയും ​ഗുണനിലവാരം ഉറപ്പാക്കാൻ കൂടുതൽ ബൾക്ക് മിൽക്ക് കൂളറുകൾ മിൽമ സ്ഥാപിക്കും. പദ്ധതിക്ക്‌ ആവശ്യമായ തുകയുടെ പകുതി സർക്കാരും പകുതി മിൽമയും വഹിക്കും. നിലവിൽ 74 സംഘങ്ങളിൽ 82 ബൾക്ക് മിൽക്ക്‌ കൂളറുകൾ മിൽമ സ്ഥാപിച്ചി‌ട്ടുണ്ട്. 2.55 ലക്ഷം ലിറ്റർ ഇതുവഴി സംഭരിച്ചു. കൂളറുകളിലൂടെ ബാക്ടീരിയകളുടെ എണ്ണം നിയന്ത്രിക്കാനാവും.     അധികപാൽ പൊടിയാക്കാനുള്ള പാൽപ്പൊടി ഫാക്ടറിയുടെ നിർമാണം ദ്രുത​ഗതിയിൽ നീങ്ങുന്നു. 80 കോടി ചെലവിൽ മലപ്പുറം മൂർക്കനാട്‌ ഫാക്ടറി നിലവിൽ വരുന്നതോടെ പാൽപ്പൊടിയാക്കാൻ തമിഴ്നാട്ടിലെ സ്വകാര്യ ഫാക്ടറികളെ ആശ്രയിക്കുന്നത് ഒഴിവാകും.  2006 മുതലാണ് ബൾക്ക് മിൽക്ക് കൂളർ ജില്ലയിൽ സ്ഥാപിച്ച് തുടങ്ങിയത്. ഇതുവരെ 7.53 കോടി രൂപ ഇതിനായി ചെലവാക്കി. കൂളറുകൾ ശരിയായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ സംഘങ്ങളിൽ സ്ഥാപിച്ചു. കൂളറുകൾ സ്ഥാപിച്ചതിന് ശേഷം മിൽമ ശേഖരിക്കുന്ന പാലിൽ കൊഴുപ്പ് 4.2 ശതമാനം ആയി ഉയർന്നു. വിൽപ്പന നടത്തുന്ന പാലിൽ മൂന്നു ശതമാനം കൊഴുപ്പ് വേണമെന്നാണ് നിയമം. അതിനേക്കാൾ കൊഴുപ്പ് മിൽമയ്ക്ക് നൽകാനാവുന്നു. കോവിഡ് രൂക്ഷമാകുന്നതോ‌ടെ വിൽപ്പന കുറയുമെന്ന് കണക്ക് കൂട്ടിയാണ്‌ കൂടുതൽ ​ഗുണനിലവാരത്തിൽ പാൽ വിപണിയിൽ എത്തിക്കുന്നത്. മലബാർ മേഖലയിൽ അധികമായി വരുന്ന പാൽ തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകളിലേക്ക് നൽകും.  ജില്ലയിൽ 325 പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ മിൽമ പാൽ സംഭരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 6.05 കോടി രൂപയുടെ ആനുകൂല്യങ്ങൾ പാൽ വിലയ്‌ക്ക് പുറമെ ക്ഷീരകർഷകർക്ക് വിതരണം ചെയ്തു.   റബർമാറ്റ്, കറവയന്ത്രം, പാൽ പാത്രങ്ങൾ, ഫാമുകൾക്ക് പ്രതിവർഷം 25,000 രൂപ വരെയുള്ള ഫാം മെക്കനൈസേഷൻ സബ്‌സിഡി, കുറഞ്ഞവിലയ്‌ക്ക് പച്ചപ്പുല്ല്, ചോളപ്പുല്ല്, സൈലേജ്, വൈക്കോൽ എന്നിവയും മിൽമ വിതരണം ചെയ്തു. കോവിഡ്‌ മൂന്നാം തരം​ഗത്തിലും ഇത്തരം സഹായങ്ങൾ നൽകാൻ ഒരുങ്ങുകയാണ് മിൽമ മലബാർ മേഖലാ യൂണിയൻ. Read on deshabhimani.com

Related News