ആന്റണിയുടെ ചിത്രം ഏറെ ചർച്ചയായി



ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രം എന്നനിലയിൽനിന്ന്‌ സമ്പൂർണ വാർത്താപത്രമാകണമെന്ന കാഴ്‌ചപാട്‌ ഇ എം എസിനെപ്പോലെ പി ഗോവിന്ദപ്പിള്ളയും അവതരിപ്പിച്ചിരുന്നു. മറ്റ്‌ പാർടികളുടെ വാർത്തകളും കോൺഗ്രസ്‌ നേതാക്കളുടെ ചിത്രങ്ങളും കൊടുത്തുതുടങ്ങിയത്‌ പി ഗോവിന്ദപ്പിള്ള പത്രാധിപരായ കാലത്താണ്‌. സിപിഐ എമ്മിന്റെ മുഖ്യ എതിരാളിയായി എ കെ ആന്റണി നിൽക്കുന്ന കാലത്ത്‌ ആന്റണിയുടെ ചിത്രം ദേശാഭിമാനിയിൽ വന്നത്‌  പത്രലോകത്ത്‌ ഏറെ ചർച്ചകൾക്ക്‌ വഴിവച്ചു. പത്രാധിപസിമിതിയിലെ ഭിന്നാഭിപ്രായങ്ങൾക്കിടെയാണ്‌  പി ജിയുടെ തീർപ്പിനെത്തുടർന്ന്‌ ആ ചിത്രം പത്രത്തിൽ ഇടംപിടിച്ചത്‌. വിവിധ പാർടികളുടെ വാർത്ത മാത്രമല്ല, ഏത്‌ പൗരനും അറിഞ്ഞിരിക്കേണ്ടതും അറിയാൻ ആഗ്രഹിക്കുന്നതുമായ എല്ലാ വാർത്തയും നൽകണമെന്ന കാഴ്‌ചപ്പാടായിരുന്നു. സിനിമ, നാടകം, കായികരംഗം, അങ്ങാടിനിലവാരം, തൊഴിൽ, കമ്പോളം, ശാസ്‌ത്രം എന്നുവേണ്ട, വാർത്താപ്രാധാന്യമുള്ള ഒന്നും അന്യമാകാൻ പാടില്ലെന്ന്‌ പി ജി നിഷ്‌കർഷിച്ചിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളോട്‌ തോൾചേർന്ന്‌ നിന്ന പ്രതിഭകൾ അന്തരിക്കുമ്പോൾ, അക്കാലത്ത്‌  ദേശാഭിമാനിയിൽ കൃത്യമായി മുഖപ്രസംഗം വന്നിരുന്നു. പലരേയുംപറ്റി എഴുതാൻ പി ജിക്ക്‌ റഫറൻസ്‌ പോലും വേണ്ടിയിരുന്നില്ല. കറുത്തവംശജരുടെ പാട്ടുകാരനായിരുന്ന പോൾ റോബ്‌സൺ മരിച്ചതടക്കമുള്ള സന്ദർശഭങ്ങളിൽ മുഖപ്രസംഗത്തിലെ വ്യത്യസ്തത കാണാം. വിവിധ ഭാഷകളിലെ  മഹാകവികളുടെ  കാവ്യശകലങ്ങളായിരിക്കാം പലപ്പോഴും എഡിറ്റോറിയലുകളുടെ  തലക്കെട്ടുകൾ. വൈലോപ്പിള്ളി എഴുതിയ ‘ചോരതുടിക്കും ചെറുകൈയുകളേ പേറകു വന്നീ പന്തങ്ങൾ’ പോലുള്ള വരികൾ തലക്കെട്ടുകളായി. Read on deshabhimani.com

Related News