ബിജെപി നേതാവിനെതിരെ 
കേസെടുക്കണമെന്ന് കോടതി



  ചെർപ്പുളശേരി പട്ടികജാതിക്കാരായ ഭൂരഹിതർക്ക് വീടും സ്ഥലവും വാങ്ങാനുള്ള സർക്കാർ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ചെർപ്പുളശേരി പൊലീസിനോട് മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. 2019ൽ അനുവദിച്ച സർക്കാർ ഫണ്ടാണ് തട്ടിപ്പ് നടത്തിയത്.  തൃക്കടീരി പഞ്ചായത്തില്‍ അക്കാലത്ത് വാർഡ് മെമ്പറായ ബിജെപി നേതാവ് രാജു കൂട്ടാല, വില്ലേജ് ഓഫീസർ വിജു എന്നിവര്‍ക്കെതിരെ വെട്ടുകാട്ടിൽ അക്കി, കീഴൂർ വെട്ടുകാട്ടിൽ ചുക്രൻ, കൃഷ്ണൻകുട്ടി, എന്നിവരാണ് പരാതി നല്‍കിയത്. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനായി സ്ഥാപിച്ച മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്ജി കെ എസ് മധു മുമ്പാകെയാണ് അഡ്വക്കറ്റ് ടി കെ സുനിൽ മുഖേന കേസ് ഫയൽ ചെയ്തത്.  തട്ടിപ്പ് നടത്തിയ ബിജെപി തൃക്കടീരി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ രാജു കൂട്ടാലയ്‌ക്കെതിരെ എസ്‍സി–എസ്ടി കമീഷനിൽ നല്‍കിയ പരാതി പ്രകാരം ആ​ഗസ്‌തില്‍ കമീഷൻ അം​ഗം എസ് അജയകുമാര്‍ അന്വേഷണം നടത്തിയിരുന്നു.  കീഴൂർ വെട്ടുകാട് പ്രദേശത്തെ മൂന്ന്‌ എസ്‌സി കുടുംബങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച്‌ വാങ്ങിയ ഭൂമിവിലയാണ്‌ തട്ടിപ്പ്‌ നടത്തിയത്. സെന്റിന് 20,000 രൂപ നിരക്കിലുള്ള ഭൂമിക്ക്‌ ബിജെപി നേതാവ്‌ 1.8 ലക്ഷം രൂപ ഈടാക്കിയെന്ന് പരാതിയിൽ പറയുന്നു. രാജു കൂട്ടാല തന്റെ 15 സെന്റ്‌ ഭൂമിയാണ്‌ അധികവിലയ്‌ക്ക്‌ നൽകിയത്‌. വില്ലേജ്‌ ഉദ്യോഗസ്ഥരും തട്ടിപ്പിന്‌ കൂട്ടുനിന്നതായി പരാതിയിലുണ്ട്.  2018ലെ പ്രളയത്തിൽ മലയിടിച്ചിലിനെത്തുടർന്നാണ്‌ അനങ്ങൻമലയിലെ മൂന്ന്‌ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ  സർക്കാർ  തീരുമാനിച്ചത്. ഭൂമി വാങ്ങാൻ ആറു ലക്ഷവും വീടുനിർമിക്കാൻ നാലു ലക്ഷം രൂപയും അനുവദിച്ചു.  വീട്‌ നിർമാണം തുടരുന്നതിനിടെയാണ്‌ ഭൂമി ഇടപാടിൽ ചൂഷണം നടന്നതായി ആക്ഷേപം ഉയർന്നത്. ഗുണഭോക്താക്കളായ മൂന്നുപേരും അഞ്ചു സെന്റ് വീതമാണ്‌ വാങ്ങിയത്. ഓരോരുത്തരിൽനിന്നും 5.40 ലക്ഷം രൂപ വീതം ഭൂമിവിലയും മുദ്രപ്പത്രം, രജിസ്ട്രേഷൻ ഫീസ്, എഴുത്തുകൂലി ഇനത്തിൽ 59,100 രൂപ വീതം അനുബന്ധ ചെലവും ഈടാക്കി. Read on deshabhimani.com

Related News