ഗ്രാമവണ്ടിക്കൊരുങ്ങി കെഎസ്ആര്‍ടിസി

കെഎസ്ആർടിസി ജനസമ്പർക്ക പരിപാടിയിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി എ ഉബൈദ് സംസാരിക്കുന്നു


  പാലക്കാട് ഗ്രാമവണ്ടിയുടെ സാധ്യത തേടി കെഎസ്ആർടിസി. വിവിധ ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയ്‌ക്കാണ്‌ തയ്യാറെടുക്കുന്നത്. കോവിഡ്‌ പ്രതിസന്ധിക്ക്‌ശേഷം ചേർന്ന ജനകീയ സമ്പർക്കപരിപാടിയിൽ ഉയർന്ന നിർദേശമാണ്‌ കെഎസ്‌ആർടിസി നടപ്പാക്കാൻ ഒരുങ്ങുന്നത്‌. പാലക്കാട് ടോപ് ഇൻ ടൗണിൽ ചേർന്ന ജനകീയ സമ്പർക്കപരിപാടിയിൽ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളും യാത്രക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. പാലക്കാട്നിന്ന് ചെർപ്പുളശേരിവഴി പെരിന്തൽമണ്ണയിലേക്ക് സർവീസ് നടത്തണമെന്ന്‌ പലരും ആവശ്യപ്പെട്ടു.  ഇതും കെഎസ്ആർടിസി പരി​ഗണിക്കുന്നുണ്ട്. നിലമ്പൂരിലേക്കും പട്ടാമ്പി വഴി ​ഗുരുവായൂരിലേക്കും കൂടുതൽ സർവീസ്‌ ആരംഭിക്കണമെന്നും ആവശ്യം ഉയർന്നു. പാലക്കാട്നിന്ന് രാത്രി വൈകി ഷൊർണൂർവഴി സർവീസില്ലാത്തതും നിരവധിപേർ ഉന്നയിച്ചു. നിരവധി ജോലിക്കാരെ ഇത്‌ ബാധിക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻസമയം കണക്കിലെടുത്ത് സർവീസുകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യവും ഉയർന്നു. ഷൊർണൂരിൽനിന്ന് ഇത്തരത്തിൽ കൂടുതൽ സർവീസ്‌ ആരംഭിക്കാൻ ശ്രമിക്കും.  നിർദേശങ്ങളും അഭിപ്രായങ്ങളും കെഎസ്ആർടിസിയുടെ പുരോഗതിക്കുവേണ്ടി സ്വീകരിക്കാനാണ്‌ ഇത്തരം ഇടപെടലെന്ന്‌ ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ ടി എ ഉബൈദ്‌ പറഞ്ഞു. എല്ലാ മാസവും സമ്പർക്ക പരിപാടി നടത്താനാണ് ആലോചിക്കുന്നത്.  കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ്, ഇൻസ്‌പെക്‌ടർമാരായ സജീവ് കുമാർ, സിഎംഡി വാസുദേവൻ, കെ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News