ആർത്തിരമ്പി ജനസാഗരം



 പാലക്കാട്  നഗരത്തെ പ്രകമ്പനംകൊള്ളിച്ച്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന പ്രകടനം. രണ്ടായിരത്തോളം കർഷകത്തൊഴിലാളികൾ  യൂണിഫോമിൽ അണിനിരന്ന മാർച്ച് പാലക്കാട്‌ നഗരത്തെ ജനസാഗരമാക്കി. ഹരിത യൂണിഫോമിൽ തൊഴിൽ സേനയും ചുവന്ന ബനിയൻ അണിഞ്ഞ്‌ തൊഴിലാളി വളണ്ടിയർമാരും വിക്‌ടോറിയ കോളേജിനുമുന്നിൽനിന്ന്‌ പ്രകടനമായി നീങ്ങി.  സംസ്ഥാന ഭാരവാഹികൾ മുമ്പിൽ അണിനിരന്നു. ബാൻഡ്മേളത്തിന്റെ അകമ്പടിയിൽ ആരംഭിച്ച പ്രകടനം കോട്ടമൈതാനത്ത്‌ സമാപിച്ചു. കർഷകത്തൊഴിലാളികളുടെ പുതിയ രൂപമായ തൊഴിൽസേന പച്ച യൂണിഫോമണിഞ്ഞ് നടത്തിയ മാർച്ച് ശ്രദ്ധനേടി. കാർഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഏറ്റെടുത്ത് നടത്താൻ രൂപീകരിച്ച സേനയിലെ രണ്ടായിരത്തോളം പേരാണ് അണിനിരന്നത്.  ചുവന്ന തൊപ്പിയും വസ്ത്രവും ധരിച്ച വളണ്ടിയർമാരുടെ പ്രകടനം നഗരത്തെ ചെങ്കടലാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകത്തൊഴിലാളികൾ പ്രകടനത്തിൽ പങ്കെടുത്തു. പ്രകടനം എത്തുമ്പോഴേക്കും കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞു. പ്രകടനത്തിന്‌ പ്രവേശിക്കാൻ കഴിയാത്തവിധം ജനം നിറഞ്ഞു. ജനങ്ങളുടെ ഹർഷാരവത്തോടെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ കതിർക്കൂട് നൽകി സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ അധ്യക്ഷനായി. ഓൾ ഇന്ത്യ അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കിട്ട്, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ സ്വാഗതവും പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ നന്ദിയും പറഞ്ഞു. സംസ്ഥാന സമ്മേളന ലോഗോ തയ്യാറാക്കിയ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ കെ എസ് വിപിൻനാഥിന് മുഖ്യമന്ത്രി ഉപഹാരം നൽകി. Read on deshabhimani.com

Related News