ഇന്ധനവില കുറച്ചത് 
ജനങ്ങളെ കബളിപ്പിക്കാന്‍: ബി വെങ്കട്ട്



പാലക്കാട് വലിയ വിലക്കയറ്റം സൃഷ്ടിച്ച കേന്ദ്രം ജനങ്ങളെ കബളിപ്പിക്കാനായാണ് ഇന്ധന വില കുറച്ചതെന്ന് ഓൾ ഇന്ത്യ അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്. ദിവസവും ഇന്ധന വിലകൂട്ടിയശേഷം ഒരു ദിവസം വലിയ ഒരു തുക കുറച്ചുവെന്ന് കാണിക്കാനുള്ള തന്ത്രമാണിത്. ഇതിൽ അഭിമാനകരമായി ഒന്നുമില്ല. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ്. കേന്ദ്രം ഇന്ധന വിലയടക്കം വർധിപ്പിച്ചതിന്റെ ഫലമാണ് ഇതെല്ലാം. കേന്ദ്രം എല്ലാതരത്തിലും തൊഴിലാളികളെ വേട്ടയാടുമ്പോൾ കേരളത്തിൽ ജനക്ഷേമ പ്രവർത്തനങ്ങളാണ് നടക്കുന്നത്.  ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ നേതൃത്വത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ കേരളത്തെ വലിയ രീതിയിൽ മാറ്റി. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം കേരളത്തിൽ ലഭിക്കുന്നുണ്ട്. കേരളത്തിൽ 800 രൂപയാണ് ഒരു തൊഴിലാളിയുടെ കൂലി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിന്റെ നാലിൽ ഒന്നുപോലുമില്ല. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതിക്ക്‌ മാറ്റമില്ല. തൊഴിലാളി വിരുദ്ധനയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിനെതിരെ തൊഴിലാളികൾ ആഗസ്‌തിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. മിനിമം കൂലി, വിലക്കയറ്റം തടയുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചായിരിക്കും സമരമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News