ഫെബ്രു.5ന്‌ ജനകീയകോടതി വിചാരണ -



പാലക്കാട്‌ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌(ബെമൽ)വിറ്റു തുലയ്‌ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തുറന്ന വേദിയിൽ വിചാരണയുമായി തൊഴിലാളികൾ. കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി ഫെബ്രുവരി അഞ്ചിന്‌ ജനകീയകോടതിയിൽ വിചാരണ നടത്തും.  റിട്ട. ജഡ്‌ജിമാർ, വിരമിച്ച സൈനികർ, സാമ്പത്തിക ശാസ്‌ത്രജ്ഞർ എന്നിവരുടെ പാനലിൽ സർക്കാരിനും തൊഴിലാളികൾക്കുമായി വാദം നടക്കും. അതിനുശേഷം വിധി പറയും.  വൈകിട്ട്‌ അഞ്ചിന്‌ കഞ്ചിക്കോട്ടാണ്‌ ജനകീയകോടതി ചേരുക. 56,000 കോടി രൂപയുടെ ആസ്‌തിയുള്ള ബെമൽ 720 കോടി രൂപയ്‌ക്ക്‌‌ വിൽക്കാനാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെ ജീവനക്കാർ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. സമരം കൂടുതൽ ശക്തിപ്പെടുത്താൻ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളിസംഘടനകൾ രംഗത്തുണ്ട്‌. സിഐടിയു നേതൃത്വത്തിൽ ജില്ലയിലാകെ ജനകീയ പങ്കാളിത്തത്തോടെ സമരം വ്യാപിപ്പിക്കുകയാണ്‌. ഫെബ്രുവരി 13ന്‌ ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെ ജില്ലയിൽ രണ്ട്‌ പ്രചാരണജാഥ നടത്തും. 17ന്‌ ബെമൽ മുതൽ ഇൻസ്‌ട്രുമെന്റേഷൻവരെ ഏഴരകിലോമീറ്ററിൽ ജനകീയ പ്രതിരോധശൃംഖല തീർക്കും. ബെമലിലെ തൊഴിലാളികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ മോഡൽ പ്രദർശിപ്പിച്ച്‌ പരേഡ്‌ നടത്താനും സിഐടിയു തീരുമാനിച്ചു. തുടർന്ന്‌ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കുന്ന ജനപ്രതിനിധിസഭ ചേരും‌. ബെമൽ വിൽപ്പനക്കെതിരെ  ജീവനക്കാർ നടത്തുന്ന അനശ്ചിതകാല ധർണ 17–--ാംദിവസം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് വി ബിജോയ് ഉദ്ഘാടനം ചെയ്തു.  ബെമൽ വിൽപ്പന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ഭരണസമിതിയോഗത്തിൽ പ്രമേയം പാസാക്കി  പ്രധാനമന്ത്രിക്ക് അയക്കുമെന്ന് ബിജോയ്‌ പറഞ്ഞു. ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌ ഗിരീഷ് അധ്യക്ഷനായി. Read on deshabhimani.com

Related News