തൊഴിലുറപ്പിൽ
കൊയ്യണം



 ചിറ്റൂർ  കൊയ്‌ത്തുയന്ത്രങ്ങളുടെയും കർഷകത്തൊഴിലാളികളുടെയും ക്ഷാമം പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്ന് കർഷകർ. മഴയിൽ  നെൽച്ചെടികൾ പാടത്തുവീണ് മുളച്ച് ഞാറ്‌ പരുവത്തിലായി. എത്രയും വേഗം കൊയ്‌തെടുത്തില്ലെങ്കിൽ കർഷകർക്ക് വലിയ നഷ്ടമാകും. തുടർച്ചയായി മഴ പെയ്യുന്നതിനാലും വെള്ളത്തിൽ വീണതിനാലും യന്ത്രക്കൊയ്‌ത്ത്‌ നടക്കില്ല. നെല്ല് വെള്ളത്തിൽക്കിടന്ന് മുളച്ച് നശിക്കാതെ കൊയ്തെടുക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വർഷങ്ങളായി കാർഷിക മേഖലയിൽ പണിയെടുത്തിരുന്ന കർഷകത്തൊഴിലാളികളാണ് തൊഴിലുറപ്പ് മേഖലയിലേക്ക് തിരിഞ്ഞത്. ഇതോടെ കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി. ഈ കുറവ് ഭാഗികമായെങ്കിലും പരിഹരിച്ചത് അതിഥിത്തൊഴിലാളികളും അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളുമായിരുന്നു. ഇവരെയും ഇപ്പോൾ കിട്ടാനില്ല.   നെൽച്ചെടികൾ പാടത്ത് വീണതോടെ യന്ത്രക്കൊയ്‌ത്തിന്‌ എത്തിയ വാഹനങ്ങളിൽ ഭൂരിഭാഗവും മടങ്ങി. നെല്ല്‌ കൊയ്യാനും യന്ത്രം കിട്ടാതായി.  ഇതോടെ ഏകീകരിച്ച വാടക 2300ൽ നിന്ന് കൂട്ടണമെന്ന് ഏജന്റുമാർ ആവശ്യപ്പെടുന്നതായും കർഷകർ പറഞ്ഞു. വൈക്കോൽ നഷ്ടമായത് ക്ഷീരോൽപ്പാദക മേഖലയിലെ കന്നുകളെയും ബാധിക്കുമെന്ന് ക്ഷീരകർഷകർ പറഞ്ഞു. Read on deshabhimani.com

Related News