സ്‌ത്രീക്കരുത്തിന്‌ 
‘പെണ്ണിടം’



പാലക്കാട്‌ കുടുംബശ്രീയിലൂടെ വനിതകൾക്ക് സാമൂഹ്യ രംഗത്ത് മികച്ച ഇടപെടൽ സാധ്യമാക്കുന്ന ‘പെണ്ണിടം' പദ്ധതി ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിൽ നടപ്പാക്കും. പ്രാദേശിക ജെൻഡർ റിസോഴ്‌സ് സെന്ററുകളെ ശാക്തീകരിക്കാനുള്ള പദ്ധതികൾക്ക് പുറമേയാണിത്. സാമൂഹ്യ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടാനുള്ള  സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് പെണ്ണിടം ക്യാമ്പനിയിന്റെ ലക്ഷ്യം. സ്ത്രീ സുരക്ഷ, ലിംഗനീതി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമബോധവൽക്കരണ പരിപാടികൾ, വിജിലന്റ് ഗ്രൂപ്പുകൾ, ജാഗ്രത സമിതികൾ എന്നീ സംവിധാനങ്ങളെ ശാക്തീകരിക്കൽ, സെമിനാറും  ചർച്ചകളും സംഘടിപ്പിക്കൽ, ഓരോ വാർഡിലും പ്രാദേശിക പ്രശ്നങ്ങളോട്  പ്രതികരിക്കുന്ന ക്വിക്ക് റെസ്പോൺസ് ടീം ഒരുക്കൽ, വിവിധ സർക്കാർ/ സർക്കാരിതര ഏജൻസികളെ ഏകോപിപ്പിക്കൽ എന്നിവ  പെണ്ണിടം പദ്ധതിയിലൂടെ നടപ്പാക്കും. ഹരിത കർമസേന അംഗങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന് ‘ഹരിതം സഫലം' എന്ന പദ്ധതി സംസ്ഥാനത്താദ്യമായി ജില്ലയിൽ നടപ്പാക്കും. കുടുംബശ്രീയുടെ ഹോം ഷോപ് സംരംഭകർക്ക്‌ ധനസഹായം നൽകുന്ന പദ്ധതിയും നടപ്പാക്കും. നിർമാണരംഗത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ കൺസ്‌ട്രക്‌ഷൻ ഗ്രൂപ്പുകൾക്ക് സ്വതന്ത്രമായി നിർമാണം നടത്താൻ സജ്ജരാക്കാനുള്ള പ്രത്യേക പദ്ധതിയുമുണ്ട്‌. മിനി ടെക്സ്റ്റൈൽ യൂണിറ്റുകളെ ക്ലസ്റ്ററുകളാക്കി നവീകരിക്കും. Read on deshabhimani.com

Related News