ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്‌ത്രീ മരിച്ചു; 2 പേർക്ക് പൊള്ളലേറ്റുു



കൂറ്റനാട്  പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് സ്‌ത്രീ മരിച്ചു. രണ്ടുപേർക്ക് പൊള്ളലേറ്റു. ചിറ്റപ്പുറത്ത് വാടകവീട്ടിൽ താമസിക്കുന്ന ചങ്ങരംകുളം നന്നംമുക്ക് സ്വദേശി സറീന(48)യാണ്‌ മരിച്ചത്‌. ഭർത്താവ്‌ അമയിൽ അബ്ദുൾറസാഖ് (അബ്ദുൾ സമദ്‌ –- 50), മകൻ സെബിൻ(18) എന്നിവർക്ക്‌ പൊള്ളലേറ്റു. ബുധൻ രാവിലെ 7.30നായിരുന്നു അപകടം. മൂന്നുപേരെയും കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. രാത്രി 10.40ന്‌ ആശുപത്രിയിൽവച്ചാണ്‌ സറീന മരിച്ചത്‌. വിദഗ്‌ധചികിത്സയ്‌ക്കായി സെബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.       തൃത്താലയിലെ സ്വകാര്യ ഗ്യാസ്‌ ഏജൻസിയിലെ ഡ്രൈവറാണ്‌ അബ്‌ദുൾ റസാഖ്‌. വീട്ടിൽ സൂക്ഷിച്ച നാല്‌ സിലിണ്ടറുകളിൽ രണ്ടെണ്ണമാണ്‌ പൊട്ടിത്തെറിച്ചത്‌. വീടിനുസമീപത്ത്‌ സിലിണ്ടറുമായി പാർക്ക്‌ ചെയ്‌തിരുന്ന വാഹനം നാട്ടുകാർ മാറ്റിയിട്ടു.     ഉഗ്രശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീട്ടിലുണ്ടായിരുന്ന അബ്ദുൾ റസാഖിന്റെ ഉമ്മയും മകളും പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാലുവർഷമായി അബ്ദുൾ റസാഖും കുടുംബവും വാടകവീട്ടിൽ താമസിക്കുകയാണ്‌. അടുക്കളയിലെ ജനലും വീട്ടുസാധനങ്ങളും കത്തി നശിച്ചു. പട്ടാമ്പിയിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തി തീയണച്ചു. തൃത്താല പൊലീസ്  അന്വേഷണം തുടങ്ങി. Read on deshabhimani.com

Related News