വിലയുണ്ട്‌ വിളയില്ല; 
മൂടുചീയൽ രോഗം വ്യാപിക്കുന്നു

നെന്മാറയിൽ മൂടുചീയൽ രോഗം ബാധിച്ച ഇഞ്ചിച്ചെടികൾ


സ്വന്തം ലേഖകൻ കൊല്ലങ്കോട് നെന്മാറ, അയിലൂർ മേഖലകളിൽ കൃഷിചെയ്‌ത ഇഞ്ചിക്ക്‌ മൂട് അഴുകൽ രോഗം പടരുന്നു. മഴക്കുറവുമൂലം വളർച്ച മുരടിച്ച ഇഞ്ചിപ്പാടങ്ങളിൽ മഴ ലഭിച്ചതോടെ ചെടികൾ പുതിയ ചിമ്പകൾ വന്ന് തഴച്ചുവളര്‍ന്നുതുടങ്ങിയ ഇടങ്ങളിലാണ് അഴുകൽ രോഗം പടരുന്നത്. ചെടികൾക്ക് പെട്ടെന്ന് മഞ്ഞനിറം വന്ന് ദിവസങ്ങൾക്കകം മണ്ണിനോട് ചേർന്ന ഭാഗത്തെ തണ്ട് അഴുകി ചെടി വീഴുന്നതാണ് രോഗലക്ഷണം. വൈറസ് ബാധയായതിനാൽ രോഗംവന്ന ചെടികൾ പിഴുതുമാറ്റി മറ്റു ചെടികളിലേക്ക് പടരാതിരിക്കുന്നതിനായി ബ്ലീച്ചിങ് പൗഡറും കുമ്മായവും വിതറുകയാണ് കർഷകർ. രണ്ടുമാസത്തിനകം വിളവെടുക്കാൻ പാകമാകുന്ന ഇഞ്ചിക്കാണ് രോഗം വന്നത്‌. ചെട്ടിക്കുളമ്പ് ഭാഗത്തെ ഇഞ്ചിപ്പാടത്ത് ജൈവരീതിയിലുള്ളതും രാസരീതിയിലുള്ളതുമായ പ്രതിരോധ മരുന്നുകൾ കർഷകർ പരീക്ഷിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്ക് നല്ല വില ലഭിക്കുന്ന സമയത്തുണ്ടായ രോഗബാധ കർഷകരെ പ്രയാസത്തിലാക്കി. Read on deshabhimani.com

Related News