മണ്ണാർക്കാട്ട് മുസ്ലിംലീഗിൽ തർക്കം മുറുകി



    മണ്ണാർക്കാട്   മണ്ണാർക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി മുസ്ലിംലീഗിൽ തർക്കം രൂക്ഷം. പ്രസിഡന്റ്‌ ഉമ്മുസൽമ ബുധനാഴ്‌ചക്കകം രാജിവയ്‌ക്കണമെന്ന നേതൃത്വത്തിന്റെ അന്ത്യശാസനം  തള്ളിയതോടെയാണ്‌ പാർടിയിൽ ഇരുവിഭാഗം  പോരുമായി രംഗത്തുവന്നത്‌.  യുഡിഎഫ്‌ ധാരണപ്രകാരം ആദ്യത്തെ രണ്ടരവർഷം മുസ്ലിംലീഗിനും തുടർന്നുള്ള രണ്ടരവർഷം കോൺഗ്രസിനുമാണ് പ്രസിഡന്റ്‌ പദവി. ഇ ടി മുഹമ്മദ് ബഷീർ പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിലും തീരുമാനമെടുക്കാനായില്ല. സി കെ ഉമ്മുസൽമയെ പ്രസിഡന്റ്‌  സ്ഥാനത്തുനിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ്‌ ചെറൂട്ടി മുഹമ്മദ്  ഉൾപ്പെടെ 11 അംഗങ്ങളാണ് രംഗത്തെത്തിയത്.  17 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 12 അംഗങ്ങളുണ്ട്. എൽഡിഎഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഉമ്മുസൽമ രാജിവച്ചാൽ പകരം ഒരു വനിതയെ ഉയർത്തികാണിക്കാൻ കഴിയാത്തതും യുഡിഎഫിലും പ്രതിസന്ധിയുണ്ടാക്കുന്നു.  ലീഗിന്റെ വിവിധ കമ്മിറ്റികൾ യോഗം ചേർന്നെങ്കിലും സമവായമായില്ല. ലീഗിലെ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി മാത്രമാണ് ഉമ്മുസൽമ്മയെ മാറ്റരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നത്. പ്രസിഡന്റിനെ മാറ്റിയില്ലെങ്കിൽ രാജിവച്ച് പുതിയ കമ്മിറ്റിയുണ്ടാക്കാനാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ ശ്രമം. സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് ശേഷമേ തുടർ നടപടിയുണ്ടാകൂവെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.ബ്ലോക്കിൽ സ്ഥിരം സമിതി അധ്യക്ഷൻമാർ അറിയാതെ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രസിഡന്റ്‌ വിളിച്ചെന്നും ലീഗ്‌ നേതാക്കൾ വിളിച്ചാൽ പോലും പ്രസിഡന്റ്‌ ഫോൺ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്‌.  പ്രസിഡന്റിന്റെ നിഷേധ നിലപാട് കാരണം ബ്ലോക്കിൽ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായതായും പറയുന്നു. Read on deshabhimani.com

Related News