1,730 വാർഡിലും ഓക്‌സിലറി ഗ്രൂപ്പ് തുടങ്ങും



  പാലക്കാട്‌ യുവതികളുടെ സാമൂഹിക സാംസ്‌കാരിക  ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാൻ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.  ഈ മാസം രണ്ടിന്‌ ആരംഭിച്ച  ഒരു മാസം നീളുന്ന ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും ഓക്സിലറി ഗ്രൂപ്പ്‌ ആരംഭിക്കും.   ജില്ലയിൽ 1,730 വാർഡിലും ഇത്തരം യുവതീ സംഘങ്ങൾ രൂപീകരിക്കും.  ഓരോ വാർഡിലും 18–-40 വയസ്സുള്ള 50 യുവതികളടങ്ങുന്നതായിരുക്കും ഗ്രൂപ്പുകൾ. സ്ത്രീധനം, ഗാർഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനമായി ഗ്രൂപ്പുകൾ പ്രവർത്തിക്കും. അഭ്യസ്തവിദ്യരും, തൊഴിൽ നൈപുണ്യവും ഉള്ളവരായിട്ടും സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വീട്ടമ്മമാരായി ഒതുങ്ങേണ്ടി വരുന്ന യുവതികളുടെ മാനസ്സിക പ്രശ്നങ്ങളും, ചിന്തകളും, സ്വപ്നങ്ങളും പങ്കുവച്ച്‌  കൂട്ടായി പരിഹാരം കാണാനുള്ള വേദിയായി  ഗ്രൂപ്പിനെ മാറ്റും.  ജീവനോപാധി കണ്ടെത്താനും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കാനും വേദിയൊരുക്കും.  ജാഗ്രത സമിതി, ലഹരിയ്ക്കെതിരെയുള്ള വിമുക്തി, സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ തുടങ്ങി സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുക, യുവജന കമീഷൻ, യുവജന ബോർഡ് തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച്‌ പ്രവർത്തിക്കുക, കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ, സഹകരണ വകുപ്പ് എന്നിവയുടെ  ഉപജീവന പദ്ധതികൾ മുഖേന യുവതികളുടെ സുസ്‌ഥിര ഉപജീവനം സാധ്യമാക്കുക എന്നിവ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യമാണ്‌. Read on deshabhimani.com

Related News